മുളുഗു:തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക്. ഓൺലൈൻ മീറ്റിങില്‍ 17 രാജ്യങ്ങൾ അനുകൂലിച്ചതോടെയാണ് രാമപ്പ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താന്‍ തീരുമാനമായത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
'തെലങ്കാനയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'
യുനെസ്‌കോയുടെ അംഗീകാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. ''ശ്രേഷ്ഠം!. തെലങ്കാനയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. മഹത്തായ കാകതിയ രാജവംശത്തിന്‍റെ മികച്ച കരകൗശലം പ്രദര്‍ശിപ്പിക്കുന്നതാണ് രാമപ്പ ക്ഷേത്രം. ഈ ഗംഭീരമായ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് അതിന്‍റെ മഹത്വപൂര്‍ണമായ അനുഭവം നേടാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു''. ട്വീറ്റില്‍ മോദി പറഞ്ഞു.
അംഗീകാരത്തിനായി നയതന്ത്ര ഇടപെടല്‍ നടത്തി ഇന്ത്യ
ഈ ബഹുമതിയോടെ, ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വാസ്തുവിദ്യ കേന്ദ്രമായി രാമപ്പ ക്ഷേത്രം മാറി. ചൈനയിൽ നടന്ന ലോക പൈതൃക സമിതി യോഗത്തിലാണ് തീരുമാനം. 2019 ലാണ് രാമപ്പ ക്ഷേത്രം യുനെസ്‌കോയുടെ അംഗീകാരത്തിനായി സർക്കാർ നിർദേശിച്ചത്. രാമപ്പ ക്ഷേത്രത്തിന്‍റെ അംഗീകാരത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രത്തിന് അതിന്‍റെ ആർക്കിടെക്ടായ രാമപ്പയുടെ പേരാണ് നൽകിയത്.
പ്രതിഷ്ഠ ശിവന്‍, ഭൂമികുലുക്കത്തില്‍ തകരാത്ത ക്ഷേത്രം
ഹൈദരാബാദിൽ നിന്നും 157 കിലോമീറ്റർ അകലെ കാകതിയ രാജവംശത്തിന്‍റെ തലസ്ഥാനമായ വാറങ്കലില്‍ നിന്ന് 77 കിലോ മീറ്റര്‍ അകലെയായി പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമലിംഗേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാകതിയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്താണ് ക്ഷേത്രം നിര്‍മിച്ചത്.
1213 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശിവനാണ് ഇവിടെ പ്രതിഷ്ഠ. ഭൂമികുലുക്കത്തില്‍ ക്ഷേത്രം തകരാതിരിക്കാനായി സാൻഡ് ബോക്‌സ് ടെക്നോളജി ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
ALSO READ:ഹിമാചലിൽ പാലം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം ധനസഹായം