ഹൈദരാബാദ് :വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് പിസിസി യോഗം (Telangana PCC meeting passed resolution to contest Sonia Gandhi in Lok Sabha election). സംസ്ഥാന മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി (Revanth Reddy)യുടെ നേതൃത്വത്തിൽ ഇന്നലെ (ജനുവരി 3) ഇന്ദിര ഭവനിൽ പിസിസി യോഗം ചേർന്നിരുന്നു. സോണിയ ഗാന്ധി (Sonia Gandhi)യെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിസിസി യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി.
രേവന്ത് റെഡ്ഡിയും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും സംസ്ഥാനത്തിന്റെ എഐസിസി ചുമതലയുള്ള ദീപാദാസ് മുൻഷിയെ ആദരിച്ചു. യോഗത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിന് സംഭാവന നൽകിയ തെലങ്കാനയിലെ ജനങ്ങൾക്കും എഐസിസി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു പ്രമേയവും പാസാക്കി. കൂടാതെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച എഐസിസിയുടെ മുൻ ചുമതലയുണ്ടായിരുന്ന മണിക്റാവു താക്കറെയെ പ്രശംസിച്ചും പ്രമേയം പാസാക്കി.
പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, നൽകിയ ആറ് വാഗ്ദാനങ്ങൾ നടപ്പാക്കൽ, നാമനിർദേശം ചെയ്യപ്പെട്ട തസ്തികകൾ നികത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്. യോഗത്തിൽ (Telangana PCC meeting) എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ടു. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് ഭട്ടി വിക്രമാർക പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു.
മുൻ സർക്കാർ സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് വലിച്ചിടുകയാണ് ചെയ്തത്. ഒരേ സമയം സംസ്ഥാനത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനും പാർട്ടിക്കാവണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (Congress) പാർട്ടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്തവർക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.