ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളുടെ യോഗം വിളിച്ചത്. അതും സൂം മീറ്റിങ്. തെലങ്കാനയില്‍ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അതുകൊണ്ടു തന്നെ ജയം ഉറപ്പിച്ച സ്ഥാനാർഥികളോട് ഹൈദരാബാദില്‍ എത്താനും കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നു.
കുതിരക്കച്ചവടം തടയാൻ വഴികൾ:മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ മുൻ അനുഭവത്തിന്‍റെ പശ്‌ചാത്തലത്തിലാണ് വോട്ടെണ്ണലിന് മുൻപേ തന്നെ സ്ഥാനാർഥികളുമായി ആശയവിനിമയത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറായത്. ഹൈദരാബാദില്‍ എപ്പോഴും റെഡിയായി രണ്ട് ആഡംബര ബസുകൾ തയ്യാറാക്കി നിർത്താനാണ് ആദ്യം കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എംഎല്‍എമാരുടെ കുതിരക്കച്ചവടം തടയാൻ ഇടപെടുമെന്നും പാർട്ടി ആവശ്യങ്ങൾക്കായി ഹൈദരാബാദിലേക്ക് പോകുമെന്നും കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു.
ഓപ്പറേഷൻ താമര വഴി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്ന സമയത്ത് കോൺഗ്രസിനെ പല ഘട്ടങ്ങളിലും പിടിച്ചു നിർത്തിയ നേതാവാണ് ഡികെ ശിവകുമാർ. ഹൈദരാബാദില്‍ അത്യാഡംബര ഹോട്ടലായ താജ് കൃഷ്‌ണയില്‍ സ്യൂട്ട് റൂമുകൾ, നാല് ഹെലികോപ്റ്ററുകൾ, ഷംസാബാദ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ എന്നിവയും ജയിച്ചു വരുന്ന കോൺഗ്രസ് എംഎല്‍എമാർക്കായി ബുക്ക് ചെയ്‌തിട്ടുണ്ട്.