നാഗര്‍കര്‍ണൂല്‍ (തെലങ്കാന) :2020 മുതല്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ പൊലീസ് പിടിയില്‍ (Telangana Nagarkurnool serial killer arrested). നാഗര്‍കര്‍ണൂല്‍ ഇന്ധിരാഗാന്ധി കോളനി നിവാസിയായ സത്യം യാദവ് (47) എന്ന രമതി സത്യനാരായണനാണ് ഇന്നലെ (ഡിസംബര്‍ 12) നാഗര്‍കര്‍ണൂല്‍ പൊലീസിന്‍റെ പിടിയിലായത് (Telangana Nagarkurnool tantric serial killer Satyanarayana). അന്വേഷണത്തില്‍ ഇയാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഇരകളെ വലയില്‍ വീഴ്‌ത്തി കൃത്യം നടത്തുകയായിരുന്നു എന്നും കണ്ടെത്തി.
മന്ത്രവാദത്തിന്‍റെയും നിധിയുടെയും പേരില്‍ ഇയാള്‍ പലരില്‍ നിന്നായി വന്‍ തുക കൈപ്പറ്റിയതായും പൊലീസ് പറയുന്നു. ഇയാളുടെ പക്കല്‍ മന്ത്രവാദം നടത്താനെത്തിയവരെ പ്രസാദം നല്‍കാനെന്ന വ്യാജേന വിദൂര സ്ഥലങ്ങളില്‍ എത്തിച്ച് വിഷം കലര്‍ത്തിയ എരുമ പാല്‍ നല്‍കിയാണ് ഇയാള്‍ കൃത്യം നടത്തിയിരുന്നത്. പാല്‍ കുടിച്ച് ബോധം മറയുന്നതോടെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് മരണം ഉറപ്പാക്കുന്നതാണ് സത്യം യാദവിന്‍റെ രീതി. 2020 മുതല്‍ എട്ട് സംഭവങ്ങളിലായി 11 പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
2020ല്‍ വനപര്‍ത്തി ജില്ലയിലെ രേവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുപേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത് (Nagarkurnool serial killer). തെലങ്കാനയിലെ കല്‍വകുര്‍ത്തി, നാഗര്‍കര്‍ണൂല്‍, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ പെദ്ദവദുഗൂര്‍, കര്‍ണാടകയിലെ ബാലഗനൂര്‍ എന്നിവിടങ്ങളില്‍ ആളുകളെ എത്തിച്ചായിരുന്നു കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടവരെല്ലാം വനപര്‍ത്തി, നാഗര്‍കര്‍ണൂല്‍ സ്വദേശികളാണ് എന്നതും ശ്രദ്ധേയമാണ്.
കുടുക്കിയത് ആ കൊലപാതകം : ഹൈദരാബാദ് ബെല്ലാര സ്വദേശിയും വനപര്‍ത്തി വിപനഗണ്ഡ്‌ല മണ്ഡലത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ വെങ്കിടേഷിന്‍റെ കൊലപാതകമാണ് വഴിത്തിരിവായത്. നാഗര്‍കര്‍ണൂലിലെത്തി സത്യം യാദവിനെ കാണണം എന്നു പറഞ്ഞായിരുന്നു വെങ്കിടേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും വെങ്കിടേഷ് മടങ്ങിയെത്തിയില്ല. പിന്നാലെ ഭാര്യ ലക്ഷ്‌മി നാഗര്‍കര്‍ണൂല്‍ പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തിനിടെ സത്യം യാദവിനെ ചോദ്യം ചെയ്‌തിരുന്നു. പിന്നീടുള്ള ഇയാളുടെ സംശാസ്‌പദമായ പെരുമാറ്റമാണ് പൊലീസിനെ പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വീണ്ടും ചോദ്യം ചെയ്‌തതോടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരികയായിരുന്നു.