ഹൈദരാബാദ്:ടിആർഎസ് എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ട് ഹൈക്കോടതി. അഴിമതി വിരുദ്ധ ബ്യൂറോ കേസുകളുടെ (anti-corruption bureau cases) ജഡ്‌ജി സാങ്കേതിക കാരണങ്ങളാൽ പ്രതികളെ വിട്ടയച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും കേസിൽ വഴിത്തിരിവ്. സൈബരാബാദ് പൊലീസ് നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ്.
രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരാണ് പ്രതികൾ. പ്രതികളായ മൂവരും ഉടൻ സൈബരാബാദ് പൊലീസ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്രന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിച്ചു. ഇതിൽ വീഴ്‌ച വരുത്തിയാൽ അറസ്റ്റ് ചെയ്യാനും എസിബി കേസ് കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
ഫോൺ സംഭാഷണം ചോർന്നു:വ്യാഴാഴ്‌ചയാണ് മൂന്ന് പ്രതികളുടെയും റിമാൻഡ് എസിബി കോടതി തള്ളിയത്. ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികൾക്കെതിരെ കേസെടുത്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു. ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുമായി രാമചന്ദ്ര ഭാരതിയും നന്ദകുമാറും സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. പ്രതികളിൽ ഒരാൾ കൂടുതൽ എംഎൽഎമാരെ ആകർഷിക്കുന്നതിനെക്കുറിച്ചും ഒരു മാസത്തിനുള്ളിൽ സർക്കാർ തകരുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
രണ്ടാമത്തെ ഓഡിയോ പൂർണമായും സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ളതും പ്രതികളുടെ ശബ്‌ദങ്ങൾ അടങ്ങിയതുമാണ്. പാർട്ടി മാറിയ എംഎൽഎമാർക്കും വിവിധ ഏജൻസികൾക്കും പണം നൽകിയതുൾപ്പെടെ സംസാരിക്കുന്നുണ്ട്. ഈ എംഎൽഎമാർ വന്നാൽ ടിആർഎസ് സർക്കാർ വീഴുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതികളുടെ സംസാരം. നിരവധി എംഎൽഎമാരുടെ പേരുകൾ ഇക്കൂട്ടത്തിൽ ചർച്ച ചെയ്‌തു. ഈ ഓഡിയോ ക്ലിപ്പുകളോട് പ്രതികളോ പൊലീസോ പ്രതികരിച്ചിട്ടില്ല.