ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് (Telangana Assembly Election) ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവിലുള്ള എംഎല്‍എമാരുടെ ആസ്‌തി വിവരം പുറത്ത്. (Telangana MLAs Assets Increase By 65 Percent). 5 വര്‍ഷം കൊണ്ട് ചില എംഎൽഎമാരുടെ ആസ്‌തി 65 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (Association for Democratic Reforms ) എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
103 എംഎൽഎമാരുടെ ആസ്‌തി വിവരങ്ങളാണ് സംഘടന പുറത്തുവിട്ടത് (Telangana MLAs Assets Report). 2018 മുതലുള്ള കണക്ക് പ്രകാരം ഈ വര്‍ഷം വീണ്ടും മത്സരിക്കുന്ന 90 എംഎൽഎമാരുടെ ആസ്‌തി 3 ൽ നിന്ന് 1331 ശതമാനമായി ഉയർന്നു. എന്നാല്‍ 13 എംഎൽഎമാരുടെ ആസ്‌തി 79 ശതമാനം കുറഞ്ഞു. എഡിആർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വീണ്ടും മത്സരിക്കുന്ന എംഎൽഎമാരുടെ ശരാശരി ആസ്‌തി 2018 ൽ 14.44 കോടി രൂപയായിരുന്നു. ഇത് 2023 ൽ 23.87 കോടിയായി ഉയർന്നു. അഞ്ച് വർഷത്തിനിടെ ശരാശരി സ്വത്തില്‍ 9.43 കോടിയുടെ വർധനവാണ് എംഎല്‍എമാര്‍ സ്വന്തമാക്കിയത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ആസ്‌തി (K Chandrasekhar Rao's Assets) 2018ൽ 23.55 കോടി രൂപയായിരുന്നു. 2023ൽ ഇത് 150 ശതമാനം വർധിച്ച് 58.93 കോടി രൂപയായി. അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവുവിന്‍റെ ആസ്‌തി (KT Rama Rao Assets) 41.82 കോടിയിൽ നിന്ന് 53.31 കോടിയായും, മറ്റൊരു മന്ത്രിയായ ഹരീഷ് റാവുവിന്‍റെആസ്‌തി 11.44 കോടിയിൽ നിന്ന് 24.29 കോടിയായും ഉയർന്നു.