ഹൈദരാബാദ്:ദേശീയ നിര്‍വാഹകസമിതി യോഗത്തിൽ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ ബി.ജെ.പി നേതാക്കളെ പരിഹസിച്ച് തെലങ്കാന വ്യവസായ, നഗര വികസന വകുപ്പ് മന്ത്രി കെ.ടി രാമറാവു. 'ഹൈദരാബാദി ദം ബിരിയാണിയും ഇറാനി ചായയും ആസ്വദിക്കാന്‍ മറക്കരുത്. വാട്‌സ്ആപ്പ് സർവകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് മനോഹരമായ ഹൈദരാബാദ് നഗരത്തിലേക്ക് സ്വാഗതം. എല്ലാ ജുംല (പൊള്ളയായ) ജീവികളോടും പറയാനുള്ളത്, ഞങ്ങളുടെ ദം ബിരിയാണിയും ഇറാനി ചായയും ആസ്വദിക്കാൻ മറക്കരുത്'. കെ.ടി.ആര്‍ ട്വിറ്ററില്‍ കുറിച്ചു.
തെലങ്കാന സർക്കാരിന്‍റെ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങളായ ടി - ഹബ് 2.0, കാലേശ്വരം പദ്ധതി, പൊലീസ് കമാൻഡ് കൺട്രോൾ ബിൽഡിങ്, യാദാദ്രി ക്ഷേത്രം തുടങ്ങിയവയുടെ ചിത്രങ്ങള്‍ ചേര്‍ത്താണ് സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകനും ടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റുകൂടിയായ കെ.ടി.ആര്‍ ട്വീറ്റിലൂടെയാണ് പരിഹാസ ശരമെറിഞ്ഞത്.
'തെലങ്കാന, ദ പവര്‍ ഹൗസ്':ഹാഷ് ടാഗില്‍ തെലങ്കാന ദ പവര്‍ ഹൗസ് എന്ന് നല്‍കിയ ശേഷം ഇവിടങ്ങളില്‍ സന്ദര്‍ശിച്ച് നോട്ടെഴുതിയെടുത്ത് നിങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കൂവെന്നും അദ്ദേഹം കുറിച്ചു. അതേസമയം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ടത്താപ്പാണ്. തെലങ്കാന വികസന മാതൃകയും നയങ്ങളും പദ്ധതികളും പ്രധാനമന്ത്രി മോദി പഠിക്കണമെന്നും കെ.ടി രാമറാവു വെള്ളിയാഴ്‌ച വാർത്താക്കുറിപ്പില്‍ പറഞ്ഞു.
തെലങ്കാനയും ദക്ഷിണേന്ത്യയും പിടിക്കാൻ ബിജെപി:പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം ശനിയാഴ്‌ച (02.07.22) രാവിലെയാണ് ആരംഭിച്ചത്.