മുംബൈ:റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഇമെയില്‍ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് വന്‍പര്‍ധിയാണ് (19) അറസ്റ്റിലായത്. ഇന്നാണ് (നവംബര്‍ 4) ഇയാളെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്‌തത് (Death Threat Emails To Mukesh Ambani).
ഒക്‌ടോബര്‍ 28നും നവംബര്‍ 3നും ഇടയിലാണ് കേസിനാസ്‌പദമായ സംഭവം. അംബാനിയില്‍ നിന്നും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട യുവാവ് പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വധഭീഷണി മുഴക്കി കൊണ്ട് മൂന്ന് ഇമെയില്‍ സന്ദേശമാണ് യുവാവ് അംബാനിക്ക് അയച്ചത്. 400 കോടി രൂപ ആവശ്യപ്പെട്ട മെയിലിന് പിന്നാലെ തെറ്റായ പേര് പറഞ്ഞ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു (Death Threat Against Mukesh Ambani).
തന്‍റെ പേര് ഷദാബ് ഖാനാണെന്നാണ് യുവാവ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. യുവാവ് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അംബാനിക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഓരോ തവണ ഇമെയില്‍ സന്ദേശം അയക്കുമ്പോഴും ആവശ്യപ്പെട്ട തുക വര്‍ധിപ്പിച്ച് കൊണ്ടിരുന്നു.
ആദ്യ മെയിലില്‍ 20 കോടി രൂപ ആവശ്യപ്പെട്ട യുവാവ് രണ്ടാമത്തെ സന്ദേശത്തില്‍ 200 കോടിയും മൂന്നാമതായി 400 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. നേരത്തെ അയച്ച സന്ദേശത്തിന് മറുപടി നല്‍കാത്തതാണ് തുക വര്‍ധിപ്പിച്ചതെന്നും ഇയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നതായും മുംബൈ പൊലീസ് പറഞ്ഞു. തുടര്‍ച്ചയായി ലഭിച്ച സന്ദേശത്തിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് (Reliance Industries Chairman Mukesh Ambani).