ഹൈദരാബാദ് : തെലങ്കാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് മുറുകുന്നതിനിടെ കടുത്ത ആരോപണങ്ങളുമായി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. തെലങ്കാനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ഗവര്‍ണര്‍ പുതുച്ചേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭരണഘടനയോട് അനാദരവ് കാണിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് തമിഴിസൈ പ്രതികരിച്ചു.
'റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് നടത്താതിരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഒരാള്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള അനുമതി ലഭിച്ചു. ഈ അവസരത്തില്‍ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനം ആഘോഷമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് ഞാന്‍ രണ്ടുമാസം മുമ്പാണ് കത്തയച്ചത്. എന്നാല്‍ രണ്ടുദിവസം മുമ്പാണ് ആഘോഷം രാജ്‌ഭവനില്‍ സംഘടിപ്പിക്കണം എന്നറിയിച്ചുകൊണ്ട് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇത്തരത്തില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാനം അവഗണിക്കുകയാണ് ചെയ്‌തത്' - തമിഴിസൈ സൗന്ദരരാജന്‍ ആരോപിച്ചു.