ഹൈദരാബാദ് :തെലങ്കാനയില്‍ ആദ്യം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് ബിആര്‍എസ് ആണ്. പതിവില്‍ നിന്ന് വിഭിന്നമായി നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണമാരംഭിക്കുകയായിരുന്നു പാര്‍ട്ടി. കെസിആര്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. പ്രതിനിധാനം ചെയ്യുന്ന ഗജ്‌വേലിലും പുതുതായി കാമറെഡ്ഡിയിലുമാണ് കെസിആർ മത്സരിച്ചത്.
ബിആര്‍എസിന്‍റെ തലതൊട്ടപ്പനായ കെസിആറിനെ, മടയില്‍ ചെന്ന് വീഴ്‌ത്താനാണ് പൊളിറ്റിക്കല്‍ ട്വിസ്റ്റുമായി കാമറെഡ്ഡിയിലേക്ക് ടിപിസിസി അദ്ധ്യക്ഷനും തീപ്പൊരി നേതാവുമായ രേവന്ദ് റെഡ്ഡി വണ്ടികയറിയത്. ഇതോടെ കാമറെഡ്ഡി ശ്രദ്ധാകേന്ദ്രമായി. ബിജെപി കാടിപ്പള്ളി വെങ്കട രമണ റെഡ്ഡിയെ ഇറക്കി.കാമറെഡ്ഡി വിഐപി മണ്ഡലമായതോടെ, വെങ്കട രമണ റെഡ്ഡിയുടെ പേരും സംസ്ഥാനമാകെ കേള്‍വിപ്പെട്ടു. പക്ഷേ കാടിപ്പള്ളിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവരുമെന്നാണ് ഏവരും വിലയിരുത്തിയത്. കെസിആറിനെ രേവന്ദ് റെഡ്ഡി അട്ടിമറിക്കുമോ എന്നതിലായിരുന്നു രാഷ്ട്രീയ പ്രേമികളുടെ ശ്രദ്ധയത്രയും (Telangana Elections Result 2023).
കെസിആറും രേവന്ദും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായിരിക്കുമെന്ന് ഏവരും ഉറപ്പിച്ചു. മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് ഞെട്ടിച്ച ചരിത്രമുള്ള രേവന്ദ് റെഡ്ഡി കാമറെഡ്ഡിയില്‍ വെന്നിക്കൊടി പാറിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആ ദിശയില്‍, വോട്ടെണ്ണലിനിടെ ഒരു ഘട്ടത്തില്‍ രേവന്ദ് കെസിആറിനെതിരെ ലീഡ് ചെയ്‌തതുമാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് കാടിപ്പള്ളി കുതിപ്പ് ആരംഭിച്ചത്. ഒടുക്കം ഭദ്രമായ ലീഡ് നിലനിര്‍ത്തി മുന്നേറി കാടിപ്പള്ളി വെങ്കട രമണ റെഡ്ഡി 6741 വോട്ടുകള്‍ക്ക് കെസിആറിനെ പരാജയപ്പെടുത്തി. 66,652 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി നേടിയത്. രേവന്ദ് റെഡ്ഡിയെ 11,736 വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളുകയും ചെയ്തു (Katipally Venkata Ramana Reddy Wins Against KCR).
Also Read : ഹിന്ദുത്വ, തീവ്രദേശീയത, ജനക്ഷേമം, ഒപ്പം കാലേകൂട്ടിയുള്ള ഒരുക്കവും ; മധ്യപ്രദേശില്‍ വീണ്ടുമൊരു 'താമരവസന്ത'ത്തിന് കളമൊരുങ്ങിയതിങ്ങനെ
മുഖ്യമന്ത്രിയെയും ആ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നയാളെയും പരാജയപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു കാടിപ്പള്ളിയുടെ പ്രതികരണം. കെ ചന്ദ്രശേഖര്‍ റാവുവിനെയും രേവന്ദ് റെഡ്ഡിയെയും എതിര്‍സ്ഥാനാര്‍ഥികളായി മാത്രമാണ് കണ്ടത്. പണമോ മദ്യമോ കൊടുത്തില്ലെങ്കിലും ജനം വിജയിപ്പിക്കുമെന്നതിന്‍റെ തെളിവാണിത്. ജനം അഴിമതി കാണിക്കില്ലെന്നും നേതാക്കളാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു (Katipally Venkata Ramana Reddy Wins Against Revanth Reddy).
'ജയന്‍റ് കില്ലറി'ന്‍റെ രാഷ്ട്രീയ നാള്‍വഴി : കാടിപ്പള്ളി വെങ്കട രമണ റെഡ്ഡി കോണ്‍ഗ്രസിലാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ 2004ല്‍ മണ്ഡല്‍ പരിഷത്ത് കൗണ്‍സില്‍ അംഗമായി. പിന്നീട് ജില്ല പരിഷത്ത് കൗണ്‍സില്‍ അംഗമായി. ശേഷം ജില്ല പരിഷത്ത് ചെയര്‍പേഴ്‌സണുമായി. എന്നാല്‍ വൈഎസ് ആറിന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം 2014 ലെ തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന് പിന്തുണ നല്‍കി.
പക്ഷേ തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്‍റെ ഗൂഢാലോചനയില്‍ കാടിപ്പള്ളി വെങ്കിടരമണ റെഡ്ഡിക്ക് പങ്കുണ്ടെന്ന് ബിആര്‍എസ് ആരോപിച്ചതോടെ അദ്ദേഹം ബിജെപിയോടടുത്തു. പിന്നീട്, 2018ലെ നിയമസഭ തെരഞ്ഞടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി കാമറെഡ്ഡിയില്‍ മത്സരിച്ചു. 9.5 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനമാണ് കിട്ടിയത്. ബിആര്‍എസിന്‍റെ ഗമ്പ ഗോവര്‍ധനും കോണ്‍ഗ്രസിന്‍റെ മുഹമ്മദ് ഷാബിര്‍ അലിയുമായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ (Kamareddy Election Results 2023). പക്ഷേ രണ്ടാമൂഴത്തില്‍ രാജ്യത്തിന്‍റെയാകെ ശ്രദ്ധനേടി കാടിപ്പള്ളി ഉജ്വല വിജയം നേടി രാഷ്ട്രീയ ചരിത്രത്തില്‍ പേരെഴുതിച്ചേര്‍ത്തു.
Also Read : 'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേരും, 'കുടുംബഭരണ'വും പ്രഹരമായി ; 'ബൈ ബൈ കെസിആറി'ന് വഴിമരുന്നിട്ട് അഴിമതിയടക്കം വിവാദങ്ങള്‍
അതേസമയം കാമറെഡ്ഡിയില്‍ തോറ്റെങ്കിലും പ്രതിനിധാനം ചെയ്യുന്ന ഗജ്‌വേലില്‍ കെസിആർ ജയിച്ചുകയറി. സ്വന്തം മണ്ഡലമായ കോടങ്കലില്‍ രേവന്ത് റെഡ്ഡിയും വിജയിച്ചു. കെസിആറോ രേവന്ത് റെഡ്ഡിയോ ജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കാമറെഡ്ഡിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമായിരുന്നു. ബിജെപി സ്ഥാനാർഥിയുടെ വിജയത്തോടെ അതില്ലാതായി (BJP Candidate of Kamareddy).