ഹൈദരാബാദ്:സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും വീട് കയറി പ്രചാരണവും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കലും പൊതുയോഗം നടത്തലും ഒക്കെയായി വമ്പൻ പരിപാടികളാണ് നടത്താറുള്ളത്. പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ താരപ്രചാരകരും ജീപ്പ്- ബൈക്ക് റാലിയും കൊട്ടിക്കലാശവും അങ്ങനെ പോകും പ്രചാരണ രീതികൾ. എന്നാല്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അഥവാ വോട്ട് ചോദിക്കല്‍ എന്നത് വേറെ ലെവലാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ ആദ്യ നാളുകളില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പ്രചാരണം വമ്പൻ നേതാക്കൻമാരുടെ വരവോടെ കളറാകും. നാടിളക്കിയുള്ള റോഡ് ഷോ, പണം പൊടിച്ചുള്ള വെടിക്കെട്ട്, സിനിമ താരങ്ങളുടെ വോട്ട് അഭ്യർഥന...അങ്ങനെ പ്രചാരണത്തിന്റെ അവസാന നാളുകളിലേക്ക് എത്തുന്നതോടെ വമ്പൻ റാലികൾ ഒരുവശത്ത് നടക്കുമ്പോഴും വൈകുന്നേരങ്ങളില്‍ ചെറു കുടുംബ യോഗങ്ങളിലേക്ക് സ്ഥാനാർഥികളും പാർട്ടികളും കടക്കും. അവിടെയാണ് യഥാർഥ 'പ്രചാരണം'. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്ര ശ്രമിച്ചാലും ഈ 'പ്രചാരണം' കണ്ട് പിടിക്കാനാകില്ല.
'വൗച്ചർ പ്രചാരണം':വീടുകളിലെ സാധാരണ ആവശ്യങ്ങൾക്ക് പണം അടയ്ക്കേണ്ട സ്ഥലങ്ങളില്‍ (വൈദ്യുതി, വെള്ളം അടക്കമുള്ളവ) രാഷ്ട്രീയ പാർട്ടിക്കാർ തന്നെ പണം അടയ്ക്കും. അതോടെ വീട്ടമ്മമാർ ഹാപ്പി. ഇനി ഗൃഹനാഥൻമാരെ ചാക്കിലാക്കാൻ മദ്യപിക്കുന്നവർക്ക് വൗച്ചറുകൾ നല്‍കും. മദ്യശാലകളില്‍ ആ വൗച്ചർ നല്കിയാല് അതിനുള്ള മദ്യം ലഭിക്കും. ഇനി ഭക്ഷണ പ്രിയരാണെങ്കില്‍ നല്ല ഹൈദരാബാദി ബിരിയാണി കഴിക്കാനുള്ള വൗച്ചറും രാഷ്ട്രീയ പാർട്ടികളുടെ കൈവശമുണ്ട്.
അതത് പ്രദേശത്തെ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതും വൗച്ചർ വിതരണം ചെയ്യുന്നതും. സ്ഥാനാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗമിക്കേണ്ടത് ആരൊക്കെയെന്ന് മുൻകൂട്ടി തീരുമാനിക്കും. പ്രചാരണം അവസാനിച്ചയുടൻ പണവിവരങ്ങളടങ്ങിയ വൗച്ചറുകൾ വരുന്നവർക്ക് കൈമാറും.