കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് പിടിച്ചാല്‍ തെലങ്കാന ഭരിക്കാം...ബിആർഎസ് മാത്രമല്ല കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്... - ഹൈദരാബാദ് നിയമസഭ തെരഞ്ഞെടുപ്പ്

നവംബർ 30നാണ് തെലങ്കാനയുടെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും വലിയ ആഘോഷം. സംസ്ഥാനത്തെ 119 നിയോജകമണ്ഡലങ്ങളില്‍ 29 എണ്ണം ഹൈദരാബാദ് നഗരത്തിന് ചുറ്റുമാണ്. ഹൈദരാബാദിലെ വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കുമെന്നത് ജനവിധിയില്‍ നിർണായകമാണ്.

Telangana elections  Hyderabad holds the key to Telangana elections  who will win  information biotechnologypharmaseauticals  telengana election november30  119 constituency  29 hydrabad  capital city result may influence  മൂന്നിലൊന്ന് സീറ്റുകളും തലസ്ഥാനനഗരത്തിന് ചുറ്റും  നാലാംതവണയും വിജയം ലക്ഷ്യമിട്ട് ടി പദ്മറാവു  ഇരട്ടഹാട്രിക് തേടി അക്ബറുദ്ദീന്‍ ഒവൈസി
hyderabad-holds-the-key-to-telangana-elections

By ETV Bharat Kerala Team

Published : Nov 28, 2023, 10:47 AM IST

Updated : Nov 28, 2023, 11:21 AM IST

ഹൈദരാബാദ്: ചാർമിനാർ, ഗോല്‍ക്കൊണ്ട പാലസ്, ഹൈദരാബാദി ബിരിയാണി, ഹൈദരാബാദ് പേൾ (മുത്ത്) അങ്ങനെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പറയാൻ ഒരുപാടുണ്ട്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ഇഴചേരുന്ന നഗരം.

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ആദ്യ നാലില്‍ സ്ഥാനം പിടിക്കുന്ന ഹൈദരാബാദ് ഇന്ന് വിവരസാങ്കേതിക വിദ്യ, ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, സേവനമേഖല എന്നിങ്ങനെ അതിന്‍റെ വ്യാപ്തിയും ഖ്യാതിയും ലോക നഗരങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ വർധിപ്പിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവിതത്തിന്‍റെ എല്ലാ തുറകളിലും വലിയ മാറ്റങ്ങള്‍ക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷം ഏറ്റവും അവസാനം ഇന്ത്യൻ യൂണിയനില്‍ ലയിച്ച നാട്ടുരാജ്യങ്ങളിലൊന്നാണ് ഹൈദരാബാദ്. അതിനു ശേഷം ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായി മാറിയ ഹൈദരാബാദ് 2014ല്‍ പുതിയ സംസ്ഥാന രൂപീകരണത്തോടെ തെലങ്കാനയുടെ തലസ്ഥാനമായി.

2014ലാണ് തെലങ്കാനയില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് തെലങ്കാന രാഷ്ട്ര സമിതിയാണ് (ഇന്ന് ഭാരത രാഷ്ട്ര സമിതി) അധികാരത്തിലെത്തിയത്. 2018ല്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോഴും അന്ന് തെലങ്കാന രാഷ്ട്ര സമിതിയാണ് (ഇന്ന് ഭാരത രാഷ്ട്ര സമിതി) അധികാരത്തിലെത്തിയത്. തെലങ്കാനയില്‍ വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പ് ആഗതമാകുകയാണ്.

നവംബർ 30നാണ് തെലങ്കാനയുടെ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും വലിയ ആഘോഷം. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കൂട്ടിയും കിഴിച്ചും തള്ളിനീക്കുകയാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍. സംസ്ഥാനത്തെ 119 നിയോജകമണ്ഡലങ്ങളില്‍ 29 എണ്ണം ഹൈദരാബാദ് നഗരത്തിന് ചുറ്റുമാണ്. അതായത് മൂന്നിലൊന്ന് സീറ്റുകളും തലസ്ഥാനനഗരത്തിന് ചുറ്റുമെന്ന് സാരം. അതുകൊണ്ടുതന്നെ ഹൈദരാബാദിലെ വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കുമെന്നത് ജനവിധിയില്‍ നിർണായകമാണ്.

കെ ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരതീയ രാഷ്ട്രസമിതി (ബിആര്‍എസ്) 2018ല്‍ ഹൈദരാബാദിലെ 29 സീറ്റില്‍ പതിനെട്ടും നേടിയിരുന്നു. ബിആര്‍എസിനെ പിന്തുണയ്ക്കുന്ന എഐഎംഐഎം ഏഴ് സീറ്റും നേടി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കേവലം മൂന്ന് സീറ്റ് മാത്രമേ നേടാനായുള്ളൂ. ബിജെപിക്ക് ഒരുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഹൈദരാബാദ് പിടിച്ചാല്‍ തെലങ്കാന പിടിക്കാം: ബിആര്‍എസ് നേതാവും മന്ത്രിയുമായ തലസനി ശ്രീനിവാസ് യാദവ് സനത്നഗര്‍ മേഖലയില്‍ വീണ്ടും തന്‍റെ ഭാഗ്യം തേടിയിറങ്ങിയിരിക്കുകയാണ്. കോട്ട നീലീമ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നു. മന്ത്രിയെന്ന നിലയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിജയം സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തലസനി. പ്രധാനപ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതും എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകുന്നതും ഇദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നു.

രണ്ട് കിടപ്പ് മുറികളുള്ള ഭവനപദ്ധതികളടക്കം നിരവധി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയതും ഇദ്ദേഹത്തിന് മേഖലയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മുഖ്യ എതിരാളി കോട്ട നീലീമ എഐസിസി മീഡിയ ഇന്‍ ചാര്‍ജ് പവന്‍ ഖേദയുടെ ഭാര്യയാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കുന്ന ആറിന ഉറപ്പുകളുമായാണ് ഗോദയിലുള്ളത്. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശശിധര്‍ റെഡ്ഡിയാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്.

നാലാംതവണയും വിജയം ലക്ഷ്യമിട്ടാണ് സെക്കന്തരാബാദ് സീറ്റില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ടി പദ്മറാവു പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. റെയില്‍വേ ജീവനക്കാരുടെ പിന്തുണയുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദം സന്തോഷ് കുമാര്‍ മത്സരരംഗത്തുള്ളത്. നേരത്തെ പ്രജാരാജ്യം പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചിരുന്ന മെകല ശാരംങ്കപാണിയാണ് ബിജെപിയില്‍ നിന്ന് ഇക്കുറി മത്സരരംഗത്തുള്ളത്.

മുന്‍ക്രിക്കറ്റ്താരം മുഹമ്മദ് അസറുദ്ദീന്‍, ജുബിലി ഹില്‍സ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നുണ്ട്. സിറ്റിംഗ് എംഎല്‍എ മാഗന്തി ഗോപിനാഥ് ആണ് ബിആര്‍എസിന് വേണ്ടി ഹാട്രിക് വിജയം തേടി രംഗത്തുള്ളത്. മുൻ എംഎല്‍എ വിഷ്ണുവര്‍ദ്ധന്‍ റെഡ്ഡിയുടെ പിന്തുണയും ബിആര്‍എസിന് മുതല്‍ക്കൂട്ടാണ്. ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന വിലയിരുത്തലോടെ എംഐഎമ്മും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

ചന്ദ്രയാനഗുട്ട മണ്ഡലത്തില്‍ നിന്ന് എംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയാണ് ജനവിധി തേടുന്നത്. 1999 മുതല്‍ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആളാണ് അദ്ദേഹം. ഇത്തവണയും വിജയിച്ച് ഇരട്ട ഹാട്രിക് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഒവൈസിയും കൂട്ടരും. ബിജെപിയുടെ കൗദി മഹേന്ദറും കോണ്‍ഗ്രസില്‍ നിന്ന് ബോയ നാഗേഷും ഇവിടെ ജനവിധി തേടുന്നു.

ഗോഷമഹല്‍ മണ്ഡലത്തില്‍ ഹാട്രിക് നേടാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി എംഎല്‍എ ടി രാജ സിങ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അടക്കമുള്ളവര്‍ പ്രചാരണത്തിന് എത്തിയത് അണികള്‍ക്ക് ആവേശമായിട്ടുണ്ട്.

ബിആര്‍എസ് ടിക്കറ്റ് കിട്ടാത്തതില്‍ പരിഭവിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ പ്രേംസിങ് റാത്തോഡ്, ബിആര്‍എസ് സ്ഥാനാര്‍ത്ഥി നന്ദകിഷോര്‍ വ്യാസ്, കോണ്‍ഗ്രസില്‍ നിന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ മോഗ്ലി സുനിത റാവു തുടങ്ങിയവരും ജനവിധി തേടി ഗോദയിലുണ്ട്.

മഹേശ്വരം മണ്ഡലത്തില്‍ മൂന്നാംതവണയും വിജയം തേടിയിറങ്ങിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി കൂടിയായ ബിആര്‍എസ് നേതാവ് സബിത ഇന്ദ്ര റെഡ്ഡി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടതും ഇന്‍റര്‍, ഡിഗ്രി, ലോ കോളേജുകളുടെ സ്ഥാപനവും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വോട്ട് പിടിക്കുന്നത്. ഷാംഷാബാദ് വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് മെട്രോ റെയില്‍ എന്ന വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നു. മുതിര്‍ന്ന നേതാവ് കിച്ചനഗരി ലക്ഷ്മറെഡ്ഡിയാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരരംഗത്തുള്ളത്.

Last Updated : Nov 28, 2023, 11:21 AM IST

ABOUT THE AUTHOR

...view details