കേരളം

kerala

ETV Bharat / bharat

ജനങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി തെലങ്കാന കോണ്‍ഗ്രസ് - മുനുഗോഡു

മുനുഗോഡു നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷം ജനങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങാന്‍ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി

Telangana Congress  Munugode Constituency  one lakh people feet touching  Telangana Congress is Planning to touch the feet of one Lakh people  തെലങ്കാന കോണ്‍ഗ്രസ്  തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി  കാലുതൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി  മുനുഗോഡു  മുനുഗോഡു നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി
ജനങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി തെലങ്കാന കോണ്‍ഗ്രസ്

By

Published : Aug 21, 2022, 4:35 PM IST

ഹൈദരാബാദ്: ലക്ഷം ജനങ്ങളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങാന്‍ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി). മുനുഗോഡു മണ്ഡലത്തിലെ കോൺഗ്രസ് പ്രതിനിധികളാണ് ഒരു ലക്ഷം വരുന്ന ജനങ്ങളുടെ കാൽ തൊട്ടുവണങ്ങാന്‍ പോകുന്നതെന്ന് ടിപിസിസി പ്രസിഡന്‍റും കോണ്‍ഗ്രസ് എംപിയുമായ എ രേവന്ത് റെഡ്ഡി അറിയിച്ചു. മുനുഗോഡു നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്‌റ്റംബർ 17നാണ് പരിപാടി ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

സിറ്റിങ് എംഎൽഎയായ കൊമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മുനുഗോഡുവില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി സെപ്‌റ്റംബർ 17ന് തന്നെ പരിപാടിയുമായി മുന്നോട്ടുപോകാനാണ് ടിപിസിസി ആലോചിക്കുന്നത്. സെപ്‌റ്റംബർ 17 തെലങ്കാനക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണെന്നും, സംസ്ഥാനത്തിന് അനുകൂലമായ ദിവസമായതിനാലാണ് പാർട്ടിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനുള്ള ഈ പരിപാടി 'ഈ വളരെ നല്ല ദിവസം' മുതൽ തങ്ങള്‍ ആരംഭിക്കുന്നതെന്നും രേവന്ത് റെഡ്ഡിയെ ഉദ്ദരിച്ച് എഎന്‍ഐ അറിയിച്ചു.

മോദിയും കെസിആറും (കെ ചന്ദ്രശേഖര്‍ റാവു) പണം ഉപയോഗിച്ച് ജനാധിപത്യത്തെ പൂർണ്ണമായും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോള്‍ ഇവര്‍ 1000 കോടി രൂപ ചെലവഴിച്ച് മുനുഗോഡു മണ്ഡലത്തിൽ ജയിക്കാനും, ജനാധിപത്യത്തെ കൊല്ലാനും ശ്രമിക്കുകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇവിടെയുള്ള ആളുകൾ നിസാമിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയവരാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം തങ്ങള്‍ 1,000 കോൺഗ്രസ് പ്രവർത്തകർ 100 ആളുകളുടെ കാൽ തൊട്ടുവണങ്ങുമെന്നും, ആയിരം പേര്‍ ഇത് തുടരുന്നതോടെ ഒരു ലക്ഷമായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസിസി പ്രസിഡന്‍റ്‌ എന്ന നിലയിൽ താനും ഇതിൽ പങ്കാളിയാകുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

നിസാമുമായി യുദ്ധം ചെയ്‌ത മുതിർന്ന ആളുകളെ ഗ്രാമങ്ങളിൽ കണ്ടെത്തിയാവും പരിപാടി സംഘടിപ്പിക്കുക. മുനുഗോഡുവില്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യാമെന്നും എന്നാല്‍ ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്ക് മാത്രമെ അവസരം ലഭിക്കുകയുള്ളു എന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുനുഗോഡു ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ തെലങ്കാന കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്‌ച (23.08.2022) ഡൽഹിയിൽ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, മാണിക്കം ടാഗോർ എന്നീ നേതാക്കളുമായാണ് ചര്‍ച്ച നടക്കുക.

ABOUT THE AUTHOR

...view details