ഹൈദരാബാദ്: പൊലീസ് പീഡനത്തിനിരയായി കസ്റ്റഡിയിൽ മരിച്ച ദലിത് യുവതി മാരിയമ്മക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് നേതാക്കൾ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജനെ കണ്ടു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവ് മല്ലു ഭട്ടി വിക്രമാർക്കയുടെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കളുടെ സംഘം ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ച് മെമ്മോറാണ്ടം സമർപ്പിച്ചു.
ജൂൺ 18ന് യാദാദ്രി ഭുവനഗിരി ജില്ലയിലെ രാച്ചക്കണ്ട പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള അഡാഗുഡു പൊലീസ് സ്റ്റേഷനിലാണ് ദലിത് യുവതി മരിച്ചത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സംഭവത്തില്‍ ഇടപെടണമെന്ന് കോൺഗ്രസ് നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു.
ഇരയുടെ കുടുംബത്തിന് സഹായം നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ തെലങ്കാന സർക്കാർ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. ക്രമസമാധാന പാലനത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിക്രമാര്‍ക്ക പറഞ്ഞു.
Read Also………..കസ്റ്റഡി മരണം; തെലങ്കാനയില്‍ പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ദലിതർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് തെലങ്കാന ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ആവശ്യമെങ്കിൽ പോസ്റ്റ്‌മോർട്ടം നടത്താനും മജിസ്‌ട്രേറ്റിന് നിർദേശം നൽികിയിട്ടുണ്ട്.