ഹൈദരാബാദ് : ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവുവിനെ പുതിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആശുപത്രിയിലെത്തി സന്ദർശിച്ചു (Telangana CM Revanth Reddy Visits KCR At Hyderabad Hospital). ഹൈദരാബാദിലെ യശോദ ആശുപത്രിയിലെത്തിയാണ് രേവന്ത് റെഡ്ഡി കെസിആറിനെ കണ്ടത്.
കെസിആറിന്‍റെ ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും നൽകാൻ ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിതായി സന്ദർശനത്തിന് പിന്നാലെ രേവന്ത് റെഡ്ഡി അറിയിച്ചു. ജനങ്ങൾക്ക് നല്ല ഭരണം ഉറപ്പാക്കാൻ അദ്ദേഹത്തിന്‍റെ ഉപദേശം ആവശ്യമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ആശുപത്രിയിൽ കെസിആറിനെ സന്ദർശിക്കുന്ന വീഡിയോ മുഖ്യമന്ത്രി തന്‍റെ എക്‌സ് പേജില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ആശുപത്രിയിലെത്തി കെസിആറിന്‍റെ സുഖവിവരങ്ങൾ തിരക്കിയതായും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചതായും രേവന്ത് റെഡ്ഡി വിഡിയോയ്‌ക്കൊപ്പം എക്‌സിൽ കുറിച്ചു.
വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (KCR Hospitalized). വീഴ്‌ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ടമായതോടെ കെസിആര്‍ തന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് നഗരത്തിന് പുറത്തുള്ള എരവല്ലിയിലെ ഫാം ഹൗസിലായിരുന്നു താമസം. അവിടെ വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്.