ഹൈദരാബാദ് : ഏഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സാമൂഹിക ഭവന സമുച്ചയത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. സംഗറെഡ്ഡി ജില്ലയിലെ കൊല്ലൂരില്‍ 145 ഏക്കറില്‍ നിര്‍മിച്ച 15,660 ഡബിള്‍ ബെഡ്‌റൂം വീടുകളുടെ ഉദ്‌ഘാടനമാണ് കെസിആര്‍ നിര്‍വഹിച്ചത്. ഈ ഭവന സമുച്ചയത്തിന് 'കെസിആര്‍ നഗര്‍ 2ബികെ ഡിഗ്‌നിറ്റി ഹൗസിങ് കോളനി' എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
ഉദ്‌ഘാടന വേളയില്‍ ആറ് ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിച്ചുകൊണ്ടുള്ള രേഖകളും കെസിആര്‍ കൈമാറി. തുടര്‍ന്ന് കെസിആറും അദ്ദേഹത്തിന്‍റെ മകനും സംസ്ഥാന വ്യവസായ ഐടി മന്ത്രിയുമായ കെ.ടി രാമറാവുവും, നിര്‍മിച്ച് നല്‍കിയ വീടുകളില്‍ നേരിട്ടെത്തി പരിശോധനയും നടത്തി.
നിര്‍മിതി ഇങ്ങനെ :പാര്‍പ്പിട സമുച്ചയത്തിലെ ഓരോ വീടും 560 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറും ഒമ്പത് നിലയും ഉള്‍പ്പടെ എട്ട് നിലകളായുള്ള ജി 9, ഗ്രൗണ്ട് ഫ്ലോറും ഒമ്പത് നിലയുമായുള്ള ജി 10, ഗ്രൗണ്ട് ഫ്ലോറും പത്ത് നിലയുമായുള്ള ജി 11 എന്നിങ്ങനെ നിര്‍മിച്ചിട്ടുള്ള സമുച്ചയങ്ങള്‍ 117 ബ്ലോക്കുകളായാണ് തിരിച്ചിട്ടുള്ളത്. ആകെയുള്ള 145 ഏക്കറില്‍ 37 ശതമാനം ഭൂമി മാത്രമാണ് നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ശേഷിക്കുന്ന 63 ശതമാനം ഭൂമിയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ്.
സമുച്ചയത്തില്‍ എന്തെല്ലാം :സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഈ ഭവന സമുച്ചയങ്ങള്‍ക്ക് നിരവധി സവിശേഷതകളുമുണ്ട്. 145 ഏക്കറില്‍ 1450 കോടി രൂപ ചെലവില്‍ 117 ബ്ലോക്കുകളായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ ഓരോ ബ്ലോക്കിലും എട്ട് മുതൽ 11 നിലകൾ വീതമുണ്ട്. ഈ ഓരോ ബ്ലോക്കുകളിലും രണ്ട് ലിഫ്‌റ്റുകളും രണ്ട് മുതല്‍ മൂന്ന് വരെ സ്‌റ്റെയര്‍കേസുകളുമുണ്ട്. മാത്രമല്ല ഇതിലെ ഓരോ വീടിനും ആവശ്യാനുസരണം വായുവും വെളിച്ചവും ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആകെ വിസ്‌തൃതിയുടെ 14 ശതമാനം മാത്രമാണ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ള 23 ശതമാനം റോഡുകൾക്കും ഡ്രെയിനേജുകൾക്കുമായും, 25 ശതമാനം പാര്‍ക്കുകള്‍ക്കും ഗ്രൗണ്ടുകള്‍ക്കുമായും, 38 ശതമാനം ഭാവിയിലെ ആവശ്യങ്ങൾക്കായും നീക്കിവച്ചിരിക്കുകയാണ്.
Also read: രാജ്യത്തെ ഏറ്റവും വലിയ അംബേദ്‌കര്‍ പ്രതിമ ഹൈദരാബാദില്‍; കെസിആര്‍ ഇന്ന് അനാച്ഛാദനം ചെയ്യും
ഒരുങ്ങുന്നത് ചെറിയ നഗരം: കെട്ടിടത്തിനകത്തുള്ള സഞ്ചാരത്തിനായി പതിമൂന്നര കിലോമീറ്റർ നീളത്തിൽ റോഡുകൾ നിർമിച്ചിട്ടുണ്ട്. 15,660 കുടുംബങ്ങൾ താമസിക്കുന്നതിനാൽ തന്നെ കെട്ടിടങ്ങള്‍ക്കായി 10.6 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ ഡ്രെയിനേജ് പൈപ്പ് ലൈനുകളും 21,000 കിലോ ലിറ്റർ ശേഷിയുള്ള ശുദ്ധജല സംഭരണികളും നിർമിച്ചിട്ടുണ്ട്. ഇതുകൂടാതെ കടമുറികള്‍ക്കായുള്ള മൂന്ന് കോംപ്ലക്‌സുകള്‍, ബാങ്ക്, പ്രാഥമികാരോഗ്യ കേന്ദ്രം, അങ്കണവാടി എന്നിവയും ഉടന്‍ തന്നെ സ്ഥാപിക്കും. എല്ലാത്തിലുമുപരി കൈമാറുന്ന സമുച്ചയത്തിന്‍റെ പരിസരത്തായി 30,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ മലിന ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനും ചെടികളുടെ പരിപാലനത്തിനുമായി ഒമ്പത് ദശലക്ഷം ലിറ്റർ ശേഷിയുള്ള ഒരു എസ്ടിപി പ്ലാന്‍റും സ്ഥാപിച്ചിട്ടുണ്ട്.