ഹൈദരാബാദ്: മൺസൂണിന് മുന്നോടിയായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ എസ്റ്റിമേറ്റ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. നാഗാർജുന സാഗർ അധികാരപരിധിയിലുള്ള ദേവരകോണ്ട മുതൽ കോഡാഡ് വരെ നിർദേശിച്ചിട്ടുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെയും എസ്റ്റിമേറ്റ് ജൂൺ 15നകം പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്.
ഓരോ ലിഫ്റ്റിനും പ്രത്യേകമായി എസ്റ്റിമേറ്റ് തയ്യാറാക്കാനും എല്ലാവർക്കുമായി ഒരേ സമയം ടെൻഡറുകൾ ക്ഷണിക്കാനും മുഖ്യമന്ത്രി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കനാലുകൾ നന്നാക്കാനും മറ്റ് ജോലികൾക്കുമായി 700 കോടി രൂപ ജലസേചന വകുപ്പിന് അനുവദിച്ചിട്ടുണ്ട്. മൺസൂൺ സീസണിൽ ടാങ്കുകളും കുളങ്ങളും ജലസംഭരണികളും നിറയ്ക്കുന്നത് തുടരാൻ എഞ്ചിനീയർമാർക്ക് നിർദേശം നൽകിയതായും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Also Read:തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
4000 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ചെക്ക് ഡാമുകൾ വെള്ളം സംഭരിക്കുകയും മികച്ച ഫലം നൽകുകയും ചെയ്യുന്നു. ജൂൺ 30നകം ചെക്ക് ഡാമിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്നും കെ. ചന്ദ്രശേഖര റാവു പറഞ്ഞു. യെല്ലമ്പള്ളി മുതൽ ദുംമുഗുഡെം വരെയും ഗോദാവരിയിലും ഒക്ടോബർ വരെ വെള്ളം ലഭ്യമാണ്. സൂര്യപേട്ട ജില്ലയിലെ ടെയിൽ എൻഡ് തുങ്കത്തൂർത്തി വരെ ചെക്ക് ഡാമുകൾ പൂർത്തീകരിക്കണമെന്നും മന്ത്രി അറിയിച്ചു. ജലസംഭരണികളിൽ മിനിമം ജലനിരപ്പ് നിലനിർത്തണമെന്ന് അദ്ദേഹം ജലസേചന ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക മേഖലയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് സംസ്ഥാന ജിഎസ്‌ഡിപിക്ക് 17 ശതമാനം വരുമാനം സംഭാവന ചെയ്തതായും പറഞ്ഞു. കാലേശ്വരം പദ്ധതി പ്രകാരം ഒരു വർഷം 35 ലക്ഷം ഏക്കറിൽ രണ്ട് വിളകൾ കൃഷിചെയ്യുന്നു. ഇത് ചെറിയ നേട്ടമല്ല. പഞ്ചാബിന് ശേഷം നെല്ല് ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് തെലങ്കാനയ്‌ക്ക്.