ഹൈദരാബാദ് (തെലങ്കാന) : ബിജെപി എംഎൽഎ രാജ സിങ്ങിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു. പഴയ കേസുകളിലാണ് രാജ സിങ്ങിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന്(25.08.2022) ഉച്ചയ്‌ക്ക് ശേഷം സിങ്ങിന്‍റെ വസതിയിലെത്തിയായിരുന്നു പൊലീസ് നടപടി.
തെലങ്കാന ബിജെപി എംഎൽഎ രാജ സിങ് വീണ്ടും അറസ്റ്റില്‍ - 41എ സിആർപിസി
പഴയ കേസുകളിലാണ് രാജ സിങ്ങിന്‍റെ അറസ്റ്റ്. 41എ സിആർപിസി പ്രകാരം എംഎൽഎ രാജ സിങ്ങിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു
41എ സിആർപിസി പ്രകാരം എംഎൽഎ രാജ സിങ്ങിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ പഴയ കേസുകളില്‍ ഇപ്പോള്‍ നല്‍കിയ നോട്ടിസ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന കക്ഷി വിദ്വേഷത്തിന്‍റെ ഭാഗമാണെന്ന് രാജ സിങ് പ്രതികരിച്ചു. ഷാഹിനയത്‌ഗഞ്ച്, മംഗൽഹട്ട് സ്റ്റേഷനുകളിലെ കേസുകളിലും രാജ സിങ്ങിന് നോട്ടിസുകള്‍ നല്‍കിയിട്ടുണ്ട്.
എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം അദ്ദേഹത്തിന്‍റെ വസതിക്കുമുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ശക്തമായ പൊലീസ് വിന്യാസമുണ്ടായിരുന്നു. രാജ സിങ്ങിന്‍റെ വീട്ടിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.