കേരളം

kerala

ETV Bharat / bharat

എസ്എസ്‌സി ചോദ്യ പേപ്പർ ചോർച്ച: തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന് ജാമ്യം - ബന്ദി സഞ്ജയ് കുമാർ

പത്താം ക്ലാസ് (എസ്‌എസ്‌സി) ഹിന്ദി പരീക്ഷയുടെ ചോദ്യ പേപ്പർ, ഇൻസ്‌റ്റന്‍റ് മെസേജിങ് ആപ്പ് വഴി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കരിംനഗർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭ എംപിയായ സഞ്ജയ് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്

BJP chief got bail in SSC question paper leak case  എസ്എസ്സി ചോദ്യപേപ്പർ ചോർച്ച  തെലങ്കാന ബിജെപി അധ്യക്ഷന് ജാമ്യം  ഹനംകൊണ്ട കോടതി ജാമ്യം അനുവദിച്ചു  ബന്ദി സഞ്ജയ് കുമാർ  BJP president and MP Bandi Sanjay Kumar
ബന്ദി സഞ്ജയ് കുമാർ

By

Published : Apr 7, 2023, 8:18 AM IST

ഹൈദരാബാദ്:പത്താം ക്ലാസ് ഹിന്ദി ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതിയും കരീംനഗർ എംപിയും ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷനുമായ ബന്ദി സഞ്ജയ് കുമാറിന് ജാമ്യം. രണ്ട് ആൾ ജാമ്യത്തോടുകൂടിയ 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ സഞ്ജയ് കുമാറിന് പ്രിൻസിപ്പൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി 10 മണിവരെ എട്ടുമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം അനുവദിച്ചത്.

കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ബന്ദി സഞ്ജയ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ് (എസ്‌എസ്‌സി) ഹിന്ദി പരീക്ഷയുടെ ചോദ്യ പേപ്പർ ഇൻസ്‌റ്റന്‍റ് മെസേജിങ് ആപ്പ് വഴി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കരീംനഗർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭ എംപിയായ സഞ്ജയ് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ബുധനാഴ്‌ചയാണ് വാറങ്കൽ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

ബന്ദി സഞ്ജയ്‌യുടെ അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹനുമകൊണ്ട ജില്ല ചീഫ് മുൻസിഫ് മജിസ്‌ട്രേറ്റ് റാപോളു അനിതയാണ് വാദം കേട്ടത്. കേസിൽ അറസ്‌റ്റിലായ സഞ്ജയ് കുമാറിനെയും മറ്റ് മൂന്ന് പേരെയും ബുധനാഴ്‌ച ഹനുമകൊണ്ടയിലെ കോടതി ഏപ്രിൽ 19 വരെ റിമാൻഡ് ചെയ്‌തിരുന്നു. കരീംനഗറിലെ ജയിലിൽ ആയിരുന്നു തടങ്കൽ. ഹനുമകൊണ്ടയിലെ പരീക്ഷ കേന്ദ്രത്തിൽ നിന്ന് പ്രതികൾ പറഞ്ഞുകൊടുത്തത് അനുസരിച്ച് ചോദ്യ പേപ്പറിന്‍റെ ഫോട്ടോ എടുത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പൊലീസ് പിടിയിലായിരുന്നു.

വാദങ്ങളും പ്രതിവാദങ്ങളും കേട്ട ശേഷം സഞ്ജയ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നലെ രാത്രി കോടതി സ്വീകരിക്കുകയായിരുന്നു. പ്രതികൾ തെളിവുകൾ നശിപ്പിക്കാനും പരീക്ഷ നടത്തിപ്പ് തടസപ്പെടുത്താനും ശ്രമിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് വാറങ്കൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. കൂടുതൽ അന്വേഷണത്തിനായി സഞ്ജയ് കുമാറിനെയും മറ്റ് പ്രതികളെയും മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് വ്യാഴാഴ്‌ച കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കസ്‌റ്റഡി ഹർജി കോടതി പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി.

എസ്എസ്‌സി ഹിന്ദി ചോദ്യപേപ്പറിന്‍റെ ഫോട്ടോ ഏപ്രിൽ നാലിന് കേസിലെ പ്രതികളിലൊരാൾ ഇൻസ്‌റ്റന്‍റ് മെസേജിങ് ആപ്പിന്‍റെ ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ രണ്ടാം പ്രതി ഇത് മറ്റ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും സഞ്ജയ് കുമാറിനും ബിജെപി എംഎൽഎ ഇ രാജേന്ദറിനും മറ്റ് നിരവധി പേർക്കും അയച്ചുവെന്നും പൊലീസ് പറഞ്ഞു. സാക്ഷികളായി മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഇ രാജേന്ദറിനും മറ്റുള്ളവർക്കും പൊലീസ് വ്യാഴാഴ്‌ച നോട്ടിസ് അയച്ചിരുന്നു.

ബിജെപി നേതാവും കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രിയുമായ ജി കിഷൻ റെഡി, രാജേന്ദറിന് പൊലീസ് നൽകിയ നോട്ടിസിൽ എതിർപ്പ് രേഖപ്പെടുത്തി. പൊലീസ് നടപടി ബിജെപിയോടുള്ള പ്രതികാര മനോഭാവത്തിന്‍റെ ഭാഗമാണെന്ന് ജി കിഷൻ റെഡി കുറ്റപ്പെടുത്തി. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് എസ്എസ്‌സി തെലുങ്ക്, ഹിന്ദി ചോദ്യ പേപ്പറുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ മൂന്നിനാണ് സംസ്ഥാനത്തുടനീളം പരീക്ഷകൾ ആരംഭിച്ചത്.

ABOUT THE AUTHOR

...view details