ഹൈദരാബാദ്: ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച നവജാതശിശുവിന്, ചികിത്സാപിഴവ് കാരണം മൂക്കിൽ നെക്രോസിസ് (ശരീര കോശത്തിന്‍റെ നാശം) ബാധിച്ചതായി പരാതി. തെലങ്കാനയിലെ ഹൈദരാബാദിലുണ്ടായ സംഭവത്തില്‍, അമിതമായ ഫോട്ടോതെറാപ്പി കാരണമാണ് നവജാതശിശുവിന്‍റെ മൂക്കിന് ഇത് ബാധിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ്, ഡോക്‌ടർക്കും സ്വകാര്യ ആശുപത്രിക്കുമെതിരെ കേസെടുത്തു.
ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ കാലപ്പട്ടർ പ്രദേശവാസികളായ ഇമ്രാൻ ഖാനും ഭാര്യ ഹർഷനുസ്സ ഖാനുമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. ജൂൺ എട്ടിന് ഹൈദർഗുഡയിലെ ആശുപത്രിയിലാണ് ഹര്‍ഷനുസ്സ കുഞ്ഞിന് ജന്മം നൽകിയത്. ശ്വാസതടസം നേരിട്ട കുഞ്ഞിനെ അതേ ദിവസം തന്നെ ഡോക്‌ടർമാർ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) പ്രവേശിപ്പിച്ചു. തുടര്‍ന്ന്, ഈ ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞിന് 10 ദിവസങ്ങള്‍ക്ക് ശേഷം മൂക്കിന് കറുപ്പ് നിറം വരുകയായിരുന്നു.
'നിറം മാറിയ ഭാഗം അടര്‍ന്നുവീണു':കുഞ്ഞ് എൻഐസിയുവിലെ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് മൂക്കിന് ഈ പ്രശ്‌നമുണ്ടായതെന്നും ഇതിന്‍റെ കാരണം അന്വേഷിക്കണമെന്നും രക്ഷിതാക്കൾ പരാതിയില്‍ ആവശ്യപ്പെട്ടു. ഈ അവസ്ഥ വന്ന ശേഷം, 18,000 രൂപ വിലമതിക്കുന്ന മരുന്ന് ഡോക്‌ടര്‍ നിർദേശിക്കുകയും മാതാപിതാക്കള്‍ കുഞ്ഞിന് ഇത് പുരട്ടുകയും ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മൂക്കിന്‍റെ നിറം മാറിയ ഭാഗം അടര്‍ന്നുവീണു. ഇതോടെ, കുട്ടിയുടെ അവസ്ഥ കണ്ട് ആശങ്കയിലായ മാതാപിതാക്കൾ അതേക്കുറിച്ച് ഡോക്‌റോട് തിരക്കിയപ്പോള്‍ ഗൗരവത്തിലെടുത്തില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.