കേരളം

kerala

ETV Bharat / bharat

ത്രികോണ മത്സരം ഉറപ്പിച്ച് തെലങ്കാന ബൂത്തിലേക്ക്; സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് ഡിസംബര്‍ 3 ന് അറിയാം

Telangana is set to vote on Thursday : തെലങ്കാനയിലെ 119 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 35,655 പോളിങ് സ്റ്റേഷനുകൾ സജ്ജം. 3.26 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്.

telengana poll  telangana assembly election  Women voters outnumber men Telangana  Telangana is set to vote on Thursday  Telangana  തെലങ്കാനയിലെ തെരഞ്ഞെടുപ്പ് നാളെ  തെലങ്കാന തെരഞ്ഞെടുപ്പ്  Telangana Assembly election campaign l  തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്  തെലങ്കാന  തെലങ്കാന നാളെ പോളിംഗ് ബൂത്തിലേക്ക്  Congress  BJP  The ruling BRS in Telangana  BRS in Telangana  BRS  triangular electoral contest in Telangana
Telangana poll

By ETV Bharat Kerala Team

Published : Nov 29, 2023, 7:15 PM IST

Updated : Nov 29, 2023, 7:49 PM IST

ഹൈദരാബാദ്:തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ (Telangana Assembly Election). അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടെടുപ്പാണ് നാളെ തെലങ്കാനയിൽ നടക്കുന്നത്. മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് നേരത്തേ പൂർത്തിയായിരുന്നു. അടുത്ത ഞായറാഴ്‌ചയാണ് (ഡിസംബർ 3) എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 679 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്.

തെലങ്കാനയിലെ 119 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. മറ്റ് നാല് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തെലങ്കാനയില്‍ നടന്നത്. സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. നിശബ്‌ദ പ്രചാരണത്തിലും വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലുമാണ് സ്ഥാനാർഥികളും അണികളും. ബിആർഎസും (ഭാരത് രാഷ്‌ട്ര സമിതി) കോൺഗ്രസും ബിജെപിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ഭരണകക്ഷിയായ ബിആർഎസിന് മുൻതൂക്കമുണ്ടെങ്കിലും ഭരണം കൈപിടിയിലാക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് കോൺഗ്രസും ബിജെപിയും. കോൺഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതൃനിര തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിലടക്കം സജീവമായിരുന്നു. ആർഎസ്എസും മോദിയും രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്നും വെറുപ്പിന്‍റെ രാഷ്‌ട്രീയം ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു.

തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിനെതിരെയും ഒവൈസിയുടെ മജ്‍ലിസ് പാർട്ടിക്കെതിരേയും രൂക്ഷവിമർശനം ഉയർത്തിയ രാഹുൽ കേന്ദ്രത്തിൽ മോദി തോൽക്കണമെങ്കിൽ തെലങ്കാനയിൽ ബിആർഎസും മജ്‍ലിസ് പാർട്ടിയും തോൽക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചരണ രംഗത്ത് ബിജെപിയും ഒട്ടും പിന്നിലല്ല. മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണം ബിജെപിയും കാഴ്‌ചവച്ചു.

കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്‌ത ക്ഷേമ പ്രവർത്തനങ്ങളാണ് ബിആർഎസിന്‍റെ തുറുപ്പുചീട്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ വ്യക്തിപ്രഭാവവും ബിആർഎസിന്‍റെ കരുത്താണ്. തെലങ്കാനയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താനാണ് ബിആർഎസിന്‍റെ ശ്രമം.

കർണാടക മാതൃകയിൽ ആറ് ഗ്യാരണ്ടികള്‍ നൽകിയാണ് കോൺഗ്രസ് വോട്ടു ചോദിച്ചത്. ന്യൂനപക്ഷ പാർട്ടിയായ എഐഎംഐഎമ്മും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ട്.

തെരഞ്ഞെടുപ്പ് കഴിയും വരെ തെലങ്കാനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. തെരഞ്ഞെടുപ്പിന് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തെലങ്കാന ഡിജിപി അറിയിച്ചു. തെരഞ്ഞെടുപ്പിലെ അനിഷ്‌ട സംഭവങ്ങൾ തടയാൻ സംസ്ഥാനത്ത് എല്ലായിടത്തും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

3.26 കോടി വോട്ടർമാർ, 35,655 പോളിങ് സ്റ്റേഷനുകൾ:3.26 കോടി വോട്ടർമാരുള്ള സംസ്ഥാനത്തുടനീളം 35,655 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 106 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും 13 ഇടത് തീവ്രവാദ ബാധിത (Left Wing Extremism - LWE) പ്രദേശങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയും പോളിംഗ് നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി കെസിആർ, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്‌സഭാംഗങ്ങളായ ബന്ദി സഞ്ജയ് കുമാർ, ഡി അരവിന്ദ് എന്നിവരുൾപ്പെടെ 2,290 മത്സരാർത്ഥികളാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.

കൂടുതലും സ്‌ത്രീ വോട്ടർമാർ:ചീഫ് ഇലക്‌ടറൽ ഓഫിസ് പുറത്തിറക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് പുരുഷന്മാരേക്കാൾ കൂടുതലാണ് സ്‌ത്രീ വോട്ടർമാർ. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 3,26,18,205 ആണ്. 15,405 സർവീസ് വോട്ടർമാരും 2,944 വിദേശ ഇലക്‌ടർമാരും പട്ടികയിലുണ്ട്. ഈ വർഷം ഒക്ടോബർ 4 നും 31 നും ഇടയിൽ വോട്ടർമാരുടെ എണ്ണം 8.85 ലക്ഷത്തിലധികം വർധിച്ചു.

അന്തിമ പട്ടിക പ്രകാരം 3,26,18,205 വോട്ടർമാരിൽ 1,62,98,418 പുരുഷന്മാരും 1,63,01,705 സ്‌ത്രീകളും 2,676 ട്രാൻസ് പേഴ്‌സണുകളും ഉൾപ്പെടുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടുപിടിക്കാനാവാത്ത 'പ്രചാരണം':സ്ഥാനാർഥി പ്രഖ്യാപനത്തിന്‍റെ ആദ്യ നാളുകളില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പ്രചാരണങ്ങൾക്ക് വമ്പൻ നേതാക്കൻമാരുടെ വരവോടെയാണ് ചൂടുപിടിച്ചത്. തെലങ്കാനയിലും സ്ഥിതി മറിച്ചല്ല. നാടിളക്കിയുള്ള റോഡ് ഷോ, പണം പൊടിച്ചുള്ള വെടിക്കെട്ട്, സിനിമ താരങ്ങളുടെ വോട്ട് അഭ്യർഥന...പിന്നീട് പ്രചാരണത്തിന്‍റെ അവസാന നാളുകളിലേക്ക് എത്തുന്നതോടെ വമ്പൻ റാലികൾ ഒരുവശത്ത് നടക്കുമ്പോഴും വൈകുന്നേരങ്ങളില്‍ മറ്റൊന്നു കൂടിയുണ്ട്! ചെറു കുടുംബ യോഗങ്ങൾ. അവിടെയാണ് യഥാർഥ 'പ്രചാരണം'. പണം എറിഞ്ഞുകൊണ്ടുള്ള പ്രചാരണമാണ് സംസ്ഥാനത്ത് പൊടിപൊടിച്ചത്. പണത്തിനൊപ്പം കോഴിയിറച്ചിയും വൗച്ചറും മറ്റ് സമ്മാനങ്ങളുമൊക്കെ ഘട്ടം ഘട്ടമായി വീടുകളില്‍ എത്തിയിരുന്നു.

READ MORE:'വോട്ട് കിട്ടാൻ എന്തൊക്കെ ചെയ്യാം', തെലങ്കാനയിലെ 'വളഞ്ഞ വഴികൾ'...ഇവിടെ വൗച്ചറാണ് താരം

Last Updated : Nov 29, 2023, 7:49 PM IST

ABOUT THE AUTHOR

...view details