കേരളം

kerala

ETV Bharat / bharat

'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേരും, 'കുടുംബഭരണ'വും പ്രഹരമായി ; 'ബൈ ബൈ കെസിആറി'ന് വഴിമരുന്നിട്ട് അഴിമതിയടക്കം വിവാദങ്ങള്‍ - Telangana Assembly Election 2023

Telangana Assembly Elections 2023 : നിലംപരിശായ ഇടത്തുനിന്നുള്ള കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് തെലങ്കാനയിലേത്. ഭരണവിരുദ്ധവികാരം വോട്ടാക്കാന്‍ രേവന്ദ് റെഡ്ഡിയെന്ന തീപ്പൊരി നേതാവിന്‍റെ കീഴില്‍ കോണ്‍ഗ്രസിനായെന്നതാണ് ചരിത്ര വിജയത്തിന്‍റെ കാതല്‍

Resurgent Congress made a Shining Victory in Telangana Assembly Election 2023,'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേരും, 'കുടുംബഭരണ'വും പ്രഹരമായി ; 'ബൈ ബൈ കെസിആറി'ന് വഴിമരുന്നിട്ട് അഴിമതിയടക്കം വിവാദങ്ങള്‍
Resurgent Congress made a Shining Victory in Telangana Assembly Election 2023

By ETV Bharat Kerala Team

Published : Dec 3, 2023, 12:56 PM IST

Updated : Dec 3, 2023, 3:42 PM IST

ഹൈദരാബാദ് :കോണ്‍ഗ്രസ് ഉയര്‍ത്തിയ 'ബൈ, ബൈ കെസിആര്‍', 'പ്രജാല തെലങ്കാന' മുദ്രാവാക്യങ്ങള്‍ക്ക് കൈ കൊടുത്തിരിക്കുകയാണ് തെലുഗു ജനത. കുടുംബാധിപത്യവും അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമായി അലയടിച്ചു. വേരറ്റുപോയ കോണ്‍ഗ്രസിന് ഉണര്‍വ്വും ഊര്‍ജവും നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കിയത് പടനായകന്‍ രേവന്ദ് റെഡ്ഡിയും. കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ സുപ്രധാനമായ ആറ് ഘടകങ്ങള്‍.

1)ഭരണത്തിലെ കുടുംബാധിപത്യം, 'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേര്, 'കാലേശ്വരം എടിഎം' :സംസ്ഥാന ഭരണം കെസിആര്‍ കുടുംബം കുത്തകാധികാരമാക്കിയതിലുള്ള ജനരോഷം വിധിയെഴുത്തില്‍ നിഴലിച്ചത് വ്യക്തം. മകന്‍ കെടി രാമറാവു - മന്ത്രി, മകള്‍ കെ കവിത - എംഎല്‍സി, അനന്തരവന്‍ ഹരീഷ് റാവു - മന്ത്രി, ഇത്തരത്തില്‍ അധികാരം കെസിആറിന്‍റെ കുടുംബത്തില്‍ കേന്ദ്രീകരിച്ചത് കോണ്‍ഗ്രസിന് കരുത്തുറ്റ ആയുധമായി.

മേദക് ജില്ലയിലെ എരവല്ലിയില്‍ കെസിആറിന് 120 ഏക്കറില്‍ ഫാം ഹൗസുണ്ട്. ഇവിടെ വിവിധ വിളകള്‍ കൃഷിചെയ്യുന്നു. മുന്നോട്ടുള്ള വഴിയിലെ തടസങ്ങള്‍ നീക്കാനെന്ന പേരില്‍ 2015 ല്‍ ഇവിടെ 1500 ഓളം പുരോഹിതരെ എത്തിച്ച് അഞ്ചുനാള്‍ നീണ്ട മഹായാഗമടക്കം നടത്തിയത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇടയ്ക്കി‌ടെ കെസിആര്‍ വിശ്രമത്തിന് ഫാംഹൗസിലെത്തും, ഇത് അദ്ദേഹത്തിന് ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍ എന്ന ചീത്തപ്പേര് ചാര്‍ത്തിക്കൊടുത്തു. സാധാരണക്കാരന് അപ്രാപ്യനായ മുഖ്യമന്ത്രിയെന്ന ആരോപണം കോണ്‍ഗ്രസ് നിരന്തരം ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി മൂര്‍ച്ച കൂട്ടി.

കാലേശ്വരം ജലസേചന പദ്ധതിയില്‍ ഒരു ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. ഒരു ലക്ഷം കോടി രൂപ പിന്‍വലിക്കാന്‍ കെസിആറും കുടുംബവും കാലേശ്വരം പദ്ധതി എടിഎം ആക്കി ഉപയോഗിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വ്യാപക പ്രചരണം അഴിച്ചുവിട്ടു. ഭദ്രാദ്രി, കോതഗുഡേം, യാദാദ്രി തെര്‍മല്‍ പദ്ധതികളില്‍ 15,000 കോടിയുടെ അഴിമതി ആരോപണവും ഉയര്‍ന്നു. 30 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് തെലങ്കാനയിലേതെന്നായിരുന്നു ഇത് മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസ് പ്രചാരണം. കൂടാതെ തൊഴിലില്ലായ്‌മയും സര്‍ക്കാര്‍ ഉദ്യോഗപ്പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളും എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ളവയും യുവാക്കളെ സര്‍ക്കാരിനെതിരാക്കി.

2)'പ്രജാല തെലങ്കാന', 'ബൈബൈ കെസിആര്‍' - രേവന്ദ് റെഡ്ഡിയെന്ന പടനായകന്‍ :ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അടപടലം തോറ്റ് ചിത്രത്തിലില്ലാതെ നാലാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ഇതോടെ പാര്‍ട്ടി എഴുതിത്തള്ളപ്പെട്ടു. ബിആര്‍എസിന് ബിജെപിയാണ് ബദലെന്ന വികാരമുയര്‍ന്നു. എന്നാല്‍ എഴുതിത്തള്ളപ്പെട്ടയിടത്തുനിന്ന് പാര്‍ട്ടിയെ സംസ്ഥാന ഭരണത്തിലേറ്റി രേവന്ദ് റെഡ്ഡി മിന്നല്‍പ്പിണറായി.

ജനമനസ്സറിഞ്ഞ് അതിനൊത്ത തന്ത്രങ്ങള്‍ മെനഞ്ഞ് ബിആര്‍എസിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രഹരിച്ചാണ് കോണ്‍ഗ്രസിന്‍റെ ഉജ്വല വിജയം. ബൈബൈ കെസിആര്‍, പ്രജാല തെലങ്കാന, മുദ്രാവാക്യങ്ങളും രാജാവും പ്രജകളും തമ്മിലാണ് യുദ്ധമെന്നുമുള്ള കോണ്‍ഗ്രസ് പ്രചാരണതന്ത്രവും വലിയ അളവില്‍ പാര്‍ട്ടിക്ക് കരുത്തായി.

തെലങ്കാന രൂപീകരണത്തോടെ സംസ്ഥാനത്ത് അടിതെറ്റിയ കോണ്‍ഗ്രസിന് പുത്തനുണര്‍വേകിയത് രേവന്ദ് റെഡ്ഡിയെന്ന തീപ്പൊരി നേതാവിന്‍റെ ഊര്‍ജസ്വലമായ നെടുനായകത്വമാണ്. വേരറ്റ പാര്‍ട്ടിയെ ഗ്രാമഗ്രാന്തരങ്ങളില്‍ കരുപ്പിടിപ്പിക്കാന്‍ സംഘടനാസംവിധാനത്തെ രേവന്ദ് പ്രോജ്വലമാക്കി. മൂര്‍ച്ചയുള്ള വാക്കുകളില്‍ എതിരാളികളെ കണക്കറ്റ് ആക്രമിക്കുന്ന ശൈലി ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു.

എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം, പിന്നീട് തെലുഗുദേശം പാര്‍ട്ടിയില്‍. 2008 മുതല്‍ തെലുഗു ദേശം പാര്‍ട്ടിയുടെ എംഎല്‍എ. 2017 ഒക്ടോബറില്‍ കോണ്‍ഗ്രസില്‍. കോഡങ്കലില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് നിയമസഭയില്‍. 2019 ല്‍ മല്‍കാജ്‌ഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ലോക്‌സഭയില്‍. തൊട്ടതെല്ലാം പൊന്നാക്കിയ പോരാളി. 2021 ല്‍ ഹൈക്കമാന്‍ഡ് രേവന്ദ് റെഡ്ഡിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനാക്കി. രേവന്ദിന്‍റെ ഉജ്വല നേതൃത്വത്തിലൂടെ കോണ്‍ഗ്രസ് മുഖം വീണ്ടെടുത്തു. കെസിആറിന്‍റെ ജനകീയതയെയും അപ്രമാദിത്വത്തെയും വെല്ലുവിളിച്ച് രേവന്ദ് ഉയര്‍ന്നു. രണ്ടുംകല്‍പ്പിച്ച് കാമറെഡ്ഡിയില്‍ പോരിനിറങ്ങി സാക്ഷാല്‍ കെസിആറിനെ വിറപ്പിച്ച് കരുത്തളവ് തെളിയിച്ചു. കെസിആര്‍ പക്ഷത്തുനിന്ന് പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്കൊഴുകിയത് പാര്‍ട്ടി സംവിധാനത്തിനും അണികള്‍ക്കും വര്‍ധിതവീര്യമായി.

3)ജനക്ഷേമം മുഖ്യം, നിര്‍ണായകമായി ആറ് വാഗ്‌ദാനങ്ങള്‍ :മഹാലക്ഷ്‌മി സ്‌കീം പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, ഭവന രഹതിര്‍ക്ക് വീടുവയ്ക്കാന്‍ 4 ലക്ഷം, വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം വരെ വിദ്യാഭ്യാസ സഹായം - ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള 6 വാഗ്‌ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം. ഒടുവില്‍ കര്‍ണാടക മോഡല്‍ പ്രഖ്യാപനത്തിന് ജനങ്ങളുടെ കൈയ്യൊപ്പ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രസ്തുത പദ്ധതികള്‍ ആരംഭിച്ചതും വോട്ടര്‍മാര്‍ക്ക് തൊട്ടറിയാനായി. 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ വാഗ്‌ദാനം ചെയ്‌തടക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ നോക്കിയ കെസിആറിന് പക്ഷേ പിഴച്ചു.

4)കന്നഡ മണ്ണിലെ വിജയക്കരുത്ത്:കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ തകര്‍പ്പന്‍ ജയം അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ പാര്‍ട്ടിക്ക് നല്‍കിയത് വലിയ അളവ് ഊര്‍ജം. രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ ദൃഷ്ടാന്തമായി കര്‍ണാടക വിജയം ചൂണ്ടിക്കാണിക്കപ്പെട്ടത് തെലങ്കാനയില്‍ അടിതെറ്റിയ പാര്‍ട്ടിക്ക് വെള്ളവും വെളിച്ചവുമായി. ആത്മവീര്യം വീണ്ടെടുത്ത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പരിപാടികളിലേക്ക് ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ വിന്യസിച്ചുള്ള നവീന പ്രചാരണമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ഉപദേശകനായി ട്രബിള്‍ ഷൂട്ടര്‍ ഡികെ ശിവകുമാര്‍ നിലയുറപ്പിക്കുകയും ചെയ്‌തതോടെ 'കെസിആര്‍ കാറി'ന്‍റെ കാറ്റുപോയി.

5)ഭാരത് ജോഡോ, ഖാര്‍ഗെയുടെ നേതൃത്വം :രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ നയിച്ച ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിര്‍ണായകമായി. രാഹുലിനെ ഒരു നോക്കുകാണാന്‍, പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് മനസുള്ളവര്‍ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകി. ഭാരത് ജോഡോ യാത്രയിലെ ജന പങ്കാളിത്തം നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായതും സംസ്ഥാനത്ത് അനുരണനങ്ങള്‍ സൃഷ്ടിച്ചു. 55 ശതമാനം പിന്നാക്ക വിഭാഗങ്ങളുള്ള സംസ്ഥാനമാണ് തെലങ്കാന. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദളിത് നേതാവെത്തിയത് പിന്നാക്ക വിഭാഗങ്ങളെ സംസ്ഥാനത്ത് പാര്‍ട്ടിയോടടുപ്പിക്കുന്നതില്‍ നിര്‍ണായകമായി. നേരത്തേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കെസിആറിലേക്ക് ആകൃഷ്ടരായി ഒഴുകിയത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ പ്രധാന കാരണമായിരുന്നു. പഴയ കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ഭാരത് ജോഡോ യാത്ര നിര്‍ണായകമായി.

6)ദേശീയമോഹത്തില്‍ കാലിടറി, എംഎല്‍എമാരെ നിലനിര്‍ത്തിയ പരീക്ഷണവും പാളി : തെലങ്കാന രൂപീകരണത്തില്‍ സുപ്രധാനമായ തെലങ്കാന രാഷ്ട്രസമിതിയെ ദേശീയ മോഹത്താല്‍ ഭാരത് രാഷ്ട്രസമിതി ആക്കിയതിന് വലിയ വിലയാണ് കെസിആര്‍ കൊടുക്കേണ്ടി വരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരിളക്കവും ഉണ്ടാക്കാനായില്ലെന്നുമാത്രമല്ല മൂന്നാം മുന്നണി സ്വപ്‌നം ഫലവത്തായില്ല. കെസിആര്‍ എന്‍ഡിഎയിലോ ഇന്‍ഡ്യ മുന്നണിയിലോ ഇല്ലാതെ ഇപ്പോള്‍ വേറിട്ടുനില്‍ക്കുന്നു. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ കൂട്ടി മൂന്നാം മുന്നണി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിശ്വസിച്ചവരെല്ലാം കൈവിട്ടു. അതേസമയം ടിആര്‍എസ് ബിആര്‍എസ് ആയതോടെ പാര്‍ട്ടി തെലങ്കാന വികാരത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി പ്രവര്‍ത്തകരിലടക്കം തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസിലേക്കുള്ള പലായനം തടയാനാണ് 104 എംഎല്‍എമാര്‍ക്ക് കെസിആര്‍ ടിക്കറ്റ് നല്‍കിയത്. അതില്‍ തന്നെ കെസിആറിന്‍റെ ഭയപ്പാട് വ്യക്തമായിരുന്നു. 104 എംഎല്‍എമാരെ നിലനിര്‍ത്തിയത് ഭരണവിരുദ്ധ വികാരത്തിന്‍റെ മൂര്‍ച്ച കൂട്ടാനേ ഉതകിയുള്ളൂ.

Last Updated : Dec 3, 2023, 3:42 PM IST

ABOUT THE AUTHOR

...view details