കേരളം

kerala

ETV Bharat / bharat

കെസിആർ തരംഗത്തിന് വിരാമം, തെലങ്കാന തിരിച്ചുപോകുന്നത് പഴയ കോൺഗ്രസ് പ്രതാപത്തിലേക്ക് - തെലങ്കാന പിടിച്ച് കോൺഗ്രസ്

Telangana Assembly Election Results Trend: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. കെസിആർ തരംഗത്തിന് വിരാമം.

TelanganaElections2023  Telangana election 2023  Telangana Elections Congress  Revanth Reddy TelanganaElections2023  Congress and BRS In Telangana  തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്  തെലങ്കാന കോണ്‍ഗ്രസ്  തെലങ്കാന തെരഞ്ഞെടുപ്പ് ഫലസൂചന  രേവന്ത് റെഡ്ഡി കെ ചന്ദ്രശേഖര്‍ റാവു
Telangana Assembly Election Results Trend

By ETV Bharat Kerala Team

Published : Dec 3, 2023, 10:44 AM IST

Updated : Dec 3, 2023, 12:26 PM IST

ഹൈദരാബാദ്: പതിറ്റാണ്ടുകൾ നീണ്ട സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കലാപകലുഷിതമായ പോരാട്ടങ്ങൾക്കുമൊടുവിലാണ് 2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമാകുന്നത്. ഐക്യ ആന്ധ്രപ്രദേശിനെ വിഭജിച്ച് ഹൈദരാബാദ് ആസ്ഥാനമായി തെലങ്കാന രൂപീകരിക്കുമ്പോൾ പുതിയ സംസ്ഥാനം എന്ന ആവശ്യവുമായി രൂപീകൃതമായ തെലങ്കാന രാഷ്ട്ര സമിതി നേതാവായ കെ ചന്ദ്രശേഖർ റാവുവാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. 119 അംഗ നിയമസഭയില്‍ 63 സീറ്റുകളാണ് അന്ന് ടിആർഎസ് നേടിയത്.

കോൺഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സർക്കാരാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനത്തിന് പച്ചക്കൊടി വീശിയത്. തെലങ്കാന സംസ്ഥാനം എന്ന ആവശ്യവുമായി സമരമുഖത്തുണ്ടായിരുന്ന കെ ചന്ദ്രശേഖർറാവു, സംസ്ഥാന രൂപീകരണത്തിന് ശേഷം കോൺഗ്രസില്‍ ലയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് തെലങ്കാന രൂപീകരണത്തിന്‍റെ ക്രെഡിറ്റുമായി മുഖ്യമന്ത്രി പദത്തിലെത്തി. 2018ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോഴും തെലങ്കാന രൂപീകരണത്തിന്‍റെ പിൻബലം കെസിആറിനെ അധികാരത്തിലെത്തിച്ചു. അപ്പൊഴേക്കും സംസ്ഥാന രൂപീകരണത്തിന് പച്ചക്കൊടി ഉയർത്തിയ കോൺഗ്രസ് തെലങ്കാനയില്‍ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു.

2009ല്‍ ഐക്യ ആന്ധ്രയിലെ ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 33 സീറ്റുകളും കോണ്‍ഗ്രസ് നേടിയാണ് കോൺഗ്രസ് ലോക്‌സഭയിലെത്തിയത്. 14 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിന് ആന്ധ്രയില്‍ ലോക്സഭയിലോ നിയമസഭയിലോ ഒരു പ്രതിനിധി പോലുമില്ല. തെലങ്കാനയിലും മോശം സ്ഥിതിയാണ്. മൂന്ന് പേർ മാത്രം. തെലങ്കാനയില്‍ പരാജയവും സീമാന്ധ്രയില്‍ ദുരന്തവുമായതോടെ ആന്ധ്ര വിഭജനം തങ്ങളുടെ ഏറ്റവും വലിയ അബദ്ധമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അകാലത്തിലുള്ള മരണം കോൺഗ്രസിനെ എല്ലാ അർഥത്തിലും പ്രതിരോധത്തിലാക്കിയിരുന്നു. ആന്ധ്രപ്രദേശിലെ 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മാറി മറിഞ്ഞ കോൺഗ്രസ് തെലങ്കാന രൂപീകരണം കഴിഞ്ഞ് ഒൻപത് വർഷത്തിന് അധികാരത്തിലെത്തുമ്പോൾ ദേശീയ തലത്തിലും അത് വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് നല്‍കുന്നത്.

2018ല്‍ കെസിആർ അധികാരത്തിലെത്തിയത് 88 സീറ്റുകൾ നേടിയാണ്. കോൺഗ്രസിന് ലഭിച്ചത് 19 സീറ്റുകൾ മാത്രം. അതില്‍ മിക്ക എംഎല്‍എമാരും ടിആർഎസിലേക്ക് ചേക്കേറുകയും ചെയ്‌തു. അതിനിടെ ബിജെപിയുടെ വളർച്ചയും കൂടിയായപ്പോൾ കോൺഗ്രസിന് തെലങ്കാനയില്‍ പ്രതീക്ഷ കൈവിടുന്ന സ്ഥിതിയായി. ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുൻതൂക്കം കോൺഗ്രസിനെ സമ്പൂർണമായി സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുമെന്ന പ്രചാരണത്തിന് ശക്തി വർധിപ്പിച്ചു.

എന്നാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും ബിജെപിക്ക് തൊട്ടു പിന്നില്‍ മൂന്ന് സീറ്റുകൾ നേടിയതും വോട്ട് വിഹിതം വർധിപ്പിച്ചതും കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പുനർചിന്തനത്തിന് സമയം നല്‍കി. പഴയ മുഖങ്ങളില്‍ പലരെയും പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പിസിസി അധ്യക്ഷനായി യുവമുഖമായ രേവന്ദ് റെഡ്ഡിയെ കൊണ്ടുവന്നു. പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് മനസിലാക്കിയ രേവന്ദ് റെഡ്ഡി കർണാടക മോഡലില്‍ കോൺഗ്രസിനെ കൈപിടിച്ചുയർത്തിയാണ് അധികാരത്തിലേക്ക് കൊണ്ടുവന്നത്. തെലങ്കാന രൂപീകരണത്തിന് ശേഷം ആദ്യ കോൺഗ്രസ് സർക്കാർ അധികാരമേല്‍ക്കാനൊരുങ്ങുമ്പോൾ വലിയ രാഷ്ട്രീയ തിരിച്ചുവരവ് കൂടിയാണത്.

കെസിആർ, ടിആർഎസിനെ ബിആർഎസ് ആക്കി മാറ്റിയപ്പോൾ ബിആർഎസില്‍ നിന്ന് നേതാക്കളെ കൊണ്ടുവന്നതും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെലങ്കാനയിലെ ഗ്രാമങ്ങളില്‍ ചലനം സൃഷ്‌ടിച്ചതുമെല്ലാം കോൺഗ്രസിന് ഗുണം ചെയ്‌തു. കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളില്‍ മികച്ച സ്ഥാനാർഥികളെ കണ്ടെത്തിയതും സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും വോട്ടായി മാറി. കർഷകർക്ക് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്, ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി അടക്കം വമ്പൻ മോഹന വാഗ്‌ദാനങ്ങളാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെലങ്കാനയിലെ സമ്മതിദായര്‍ക്ക് നല്‍കിയിരുന്നത്.

കെസിആർ തരംഗത്തിന് വിരാമം: യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ കെസിആർ തെലുഗുദേശം പാർട്ടിയില്‍ ചേർന്നാണ് ആദ്യം എംഎല്‍എയാകുന്നത്. ഐക്യ ആന്ധ്രയില്‍ വിവിധ കാലങ്ങളില്‍ മന്ത്രിയായിരുന്ന കെസിആർ 2001ലാണ് ടിഡിപിയില്‍ നിന്ന് രാജിവെച്ച് തെലങ്കാന രാഷ്ട്രസമിതി രൂപീകരിക്കുന്നത്. പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു തുടങ്ങിയ കെസിആർ, തെലങ്കാന രൂപീകരണത്തിലാണ് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്.

അറുപത്തൊമ്പതുകാരനായ കെ ചന്ദ്രശേഖര റാവുവിന്‍റെ മകൻ കെടി രാമറാവു ബിആർഎസ് എംഎല്‍എയും മന്ത്രിയുമായിരുന്നു. മകൾ കവിതയും അനന്തരവൻ ടി ഹരീഷ് റാവുവും ബിആർഎസിന്‍റെ തന്ത്രങ്ങൾ രൂപീകരിക്കുന്നതില്‍ പ്രധാനികളാണ്. അധികാരം വിട്ടൊഴിയുമ്പോൾ ബിആർഎസ് എന്ന രാഷ്ട്രീയ പാർട്ടിയും കെസിആറിന്‍റെ രാഷ്ട്രീയ പാർട്ടിയുടെ ഭാവിയും ഇനി ചർച്ചയാകും.

Last Updated : Dec 3, 2023, 12:26 PM IST

ABOUT THE AUTHOR

...view details