ഹൈദരാബാദ് : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ശാക്തീകരണത്തിനായി 'റെവ് അപ്' എന്ന ഉത്തേജന പരിപാടി ആരംഭിക്കുമെന്ന് തെലങ്കാന എഐ മിഷൻ (ടി-എഐഎം). ഈവർഷം ജൂലൈയിൽ പദ്ധതിക്ക് തുടക്കമാകും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും വികസിക്കുന്ന സാങ്കേതികവിദ്യകളുടെയും ആഗോള ലക്ഷ്യസ്ഥാനമാക്കി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം. കൂടാതെ ഈ സംരംഭം വിവിധ മേഖലകളിൽ വളർച്ചാഘട്ടത്തിലുള്ള എഐ സ്റ്റാർട്ടപ്പുകളെ ഉൾക്കൊള്ളിക്കുന്നതാണ്.
തെലങ്കാന എഐ മിഷൻ (ടി-എഐഎം)
"എഐ-2020" സംരംഭത്തിന്‍റെ ഭാഗമായി നാസ്‌കോം അധികാരപ്പെടുത്തിയ തെലങ്കാന എഐ മിഷന് തിങ്കളാഴ്‌ചയാണ് തെലങ്കാന സർക്കാർ തുടക്കമിട്ടത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ആഗോള കേന്ദ്രമായി തെലങ്കാനയെ വികസിപ്പിക്കുകയും സാമൂഹിക നന്മയ്ക്കായി അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
എഐയുടെ നേതൃസംസ്ഥാനമാക്കും
തെലങ്കാനയെ എഐയുടെ നേതൃസംസ്ഥാനമാക്കാനുള്ള നീക്കങ്ങൾക്ക് മുന്നോടിയായാണ് റെവ് അപ് ആരംഭിക്കുന്നതെന്ന് ലോഞ്ചിങ് പരിപാടിയിൽ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു.
Also Read:തെലങ്കാന മുൻ മന്ത്രി എട്‌ല രാജേന്ദർ ബിജെപിയിൽ ചേര്‍ന്നു
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായി പ്രവർത്തനപരമായ ഘടന മുന്നോട്ടുവച്ച ആദ്യത്തെ സംസ്ഥാനമാണ് തെലങ്കാനയെന്നും ടി-എഐഎമ്മിന് കീഴിൽ നൂതന എഐ ആശയങ്ങൾ വികസിപ്പിക്കുന്നതിനായി റെവ് അപ് ഉത്തേജന പരിപാടി ആരംഭിച്ചതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റാർട്ടപ്പുകൾക്ക് റെവ് അപ്പിലൂടെ പിന്തുണ
സർക്കാരുമായും വ്യവസായ മേഖലയുമായും സഹകരിച്ച് ബിസിനസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് റെവ് അപ് പരിപാടിയിലൂടെ അവസരം നൽകും. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ വിദഗ്‌ധരിൽ നിന്ന് മെന്‍റർഷിപ്പ് ലഭിക്കും.
കൂടാതെ അവരുടെ എഐ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിന് എല്ലാവിധ സാങ്കേതിക പിന്തുണയും ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വളർച്ചാഘട്ടത്തിലുള്ള എഐ സ്റ്റാർട്ടപ്പുകളെയണ് പരിപാടി പ്രധാനമായും ലക്ഷ്യമിടുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകളെ ടി-എഐഎം പ്രോത്സാഹിപ്പിക്കുകയും അതുവഴി സ്റ്റാർട്ടപ്പിന്‍റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.