പനാജി:തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫായിരുന്ന തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയ ഗോവ കോടതിയുടെ വിധിക്കെതിരെ ഗോവ സർക്കാർ ഹൈക്കോടതിയിൽ. ഗോവ കോടതി മുൻവിധിയോടെയാണ് കേസിനെ സമീപിച്ചതെന്നും പുനർവിചാരണ ആവശ്യമാണെന്നുമാണ് സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. തരുണ്‍ തേജ്‌പാൽ കേസില്‍ വിചാരണ കോടതി പീഡനത്തിനിരയായ സ്ത്രീയുടെ മൊഴി അവിശ്വസിച്ചുവെന്നും ലൈംഗിക പീഡനത്തിന് വിധേയയായ സ്ത്രീ എങ്ങനെയാണ് പെരുമാറേണ്ടതെന്ന മുന്‍വിധി കലര്‍ന്ന സങ്കല്‍പ്പത്തിനനുസരിച്ചാണ് കോടതി വിധി പറഞ്ഞതെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. വിചാരണ കോടതിയിൽ സമർപ്പിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ നശിപ്പിച്ചത് പരിഗണിക്കുന്നതിൽ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയ അഡീഷണൽ ജില്ല, സെഷൻസ് ജഡ്‌ജി ക്ഷമ ജോഷിക്ക് വീഴ്‌ച പറ്റിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Also Read:നെടുങ്കണ്ടം കസ്റ്റഡി മരണം; കേസിന്‍റെ നാൾവഴികളിലൂടെ
ലൈംഗിക അതിക്രമത്തിന് ഇരയായ ഒരാളിൽ നിന്നും സാധാരണയായി ഉണ്ടാകുന്ന പെരുമാറ്റമല്ല തരുണ്‍ തേജ്‌പാലിനെതിരെ ആരോപണമുന്നയിച്ച സ്ത്രീയില്‍ നിന്നുണ്ടായതെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ സ്ത്രീയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും തേജ്‌പാലിനെ കുറ്റവിമുക്തനാക്കുയാണെന്നും വിധിയില്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്‌തിരുന്നു എങ്കില്‍ മെഡിക്കല്‍ തെളിവുകള്‍ ലഭ്യമാവുമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രസ്‌തുത കേസില്‍ അത്തരം തെളിവുകൾ ഒന്നും ഉണ്ടായില്ല. പരസ്‌പര വിരുദ്ധമായ മൊഴികളാണ് ആരോപണം ഉന്നയിച്ച സ്ത്രീ നൽകുന്നതെന്നും കോടതി പറഞ്ഞു.
Also Read:മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍
സഹപ്രവര്‍ത്തകയായ യുവതിയെ 2013ല്‍ ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു തേജ്‌പാലിനെതിരായ കേസ്. 2013 നവംബറില്‍ തേജ്‌പാലിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്‌തു. അതേസമയം 2017 സെപ്റ്റംബറിലാണ് ബലാത്സംഗം, ലൈംഗികപീഡനം, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കോടതി ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. എന്നാൽ കുറ്റം സമ്മതിക്കാതിരുന്ന തേജ്‌പാൽ തനിക്കെതിരായ ആരോപണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കുറ്റപത്രം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും തുടർന്ന് ആറ് മാസത്തിനുള്ളിൽ വിചാരണ അവസാനിപ്പിക്കണമെന്ന് കീഴ് കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു. പലതവണ വിധി പറയാനായി മാറ്റി വെച്ച കേസിൽ കഴിഞ്ഞ 21നാണ് കോടതി വിധി പ്രഖ്യാപിച്ചത്.