പട്‌ന : തന്റെ ഔദ്യോഗിക വസതി കൊവിഡ് -19 കെയർ സെന്ററാക്കി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തന്റെ സ്വകാര്യ ഫണ്ടിൽ നിന്നാണ് അദ്ദേഹം പട്നയിലെ വണ്‍ പോളോ റോഡിൽ കേന്ദ്രം സ്ഥാപിച്ചത്. ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും കിടക്കകളും ഓക്സിജനും സൗജന്യ ഭക്ഷണവും നല്‍കുന്നതിനുള്ള സൗകര്യവും തേജസ്വി ഇവിടെ ഒരുക്കിയിട്ടുണ്ട്.
Also read:ബിഹാറിൽ വാക്ക് തർക്കത്തിനിടെ ആസിഡ് ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
“സർക്കാർ ആശുപത്രികളിൽ ആളുകൾക്ക് കിടക്കകളും ഓക്സിജനും മറ്റ് മെഡിക്കൽ സൗകര്യങ്ങളും ലഭിക്കാത്തതിനാൽ എല്ലാ സർക്കാർ വസതികളും കൊവിഡ് -19 കെയർ സെന്ററുകളായും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളായും മാറ്റാന്‍ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുന്നു." അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയ്ക്ക്, ജനങ്ങൾക്ക് വേണ്ടി തങ്ങളുടെ ഔദ്യോഗിക വസതികള്‍ വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നതായും സര്‍ക്കാര്‍ ഇത് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്ത് എഴുതിയെങ്കിലും അദ്ദേഹം മറുപടി അറിയിച്ചിട്ടില്ലെന്നും തേജസ്വി പറഞ്ഞു.