അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അറസ്‌റ്റിലായിരുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദ് ജയില്‍ മോചിതയായി. ഗുജറാത്ത് സബര്‍മതി ജയില്‍ കഴിഞ്ഞിരുന്ന ടീസ്റ്റയ്‌ക്ക് സെപ്‌റ്റംബര്‍ രണ്ടിനാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ 26ന് അറസ്‌റ്റിലായ ടീസ്റ്റ 70 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.
70 ദിവസത്തെ ജയില്‍വാസം, ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി - ടീസ്റ്റ സെതല്‍വാദ്
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ജൂണ്‍ 26 നാണ് ടീസ്റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌തത്.
ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. തുടരന്വേഷണത്തിന് പൂര്‍ണ സഹകരണം ഉണ്ടാകാണം, രാജ്യം വിടാതിരിക്കാന്‍ പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ നിബന്ധനകള്‍ നല്‍കിയാണ് ടീസ്റ്റ സെതല്‍വാദിന് ജാമ്യം അനുവദിച്ചത്.
ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതിയേയും, ഗുജറാത്ത് പൊലീസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ടീസ്റ്റയെ ജയിലിലാക്കിയിട്ട് ആറാഴ്‌ച കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടിസ് നല്‍കുക. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്‌തത്. എഫ്ഐആറിലുള്ളത് സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമാണെന്നും കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.