ഹൈദരാബാദ്:മറച്ചുപിടിക്കുന്നതെന്തും ഒളിച്ചുകാണാനുള്ള ചിന്ത മനുഷ്യനോളം പഴക്കമുള്ള മനുഷ്യന്‍റെ സ്വഭാവത്തിലുള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ശാസ്‌ത്ര സാങ്കേതിക വിദ്യകള്‍ക്കൊപ്പം സ്വതന്ത്ര ചിന്താഗതികളും ഏറെ പുരോഗമിച്ച ഈ 21-ാം നൂറ്റാണ്ടിലും ഒളിച്ചുംപാത്തുമുള്ള 'പോണ്‍' കാണല്‍ മാറ്റമില്ലാതെ തന്നെ തുടരുന്നുമുണ്ട്. മാത്രമല്ല തുറന്നുപറച്ചിലുകളുടെ ഈ കാലത്തിലും 'പോണ്‍' തുറന്ന ചര്‍ച്ചകള്‍ക്കുള്ള വിഷയമാകുന്നത് വളരെ കുറവാണ് എന്നത് മറ്റൊരു വസ്‌തുത.
അറിയാതെയല്ല, മനപൂര്‍വം: ഈ സാഹചര്യത്തിലാണ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ കോമണ്‍ സെന്‍സ് മീഡിയ 'കൗമാരക്കാരും പോണോഗ്രാഫിയും' എന്ന വിഷയത്തില്‍ പഠനവുമായെത്തിയത്. പഠനത്തിന്‍റെ ഭാഗമായി അവര്‍ നടത്തിയ സര്‍വേയില്‍ കൗമാരക്കാരായ മിക്ക കുട്ടികളും ആകസ്‌മികമായി ലൈംഗിക ദൃശ്യങ്ങള്‍ കാണാറുണ്ടെന്നും ഇതില്‍ പകുതിയിലധികം പേര്‍ക്കും അതില്‍ കുറ്റബോധം തോന്നാറില്ലെന്നും കണ്ടെത്തി. അതേസമയം കൗമാരക്കാർക്കിടയിലും മുതിർന്നവരിലും ഒരുപോലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുള്ള പോണോഗ്രഫി എല്‍ജിബിടിക്യുപ്ലസ് (LGBTQI+) ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ ചില നേട്ടങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും പഠനം പറയുന്നു.
അനന്തര പ്രശ്‌നങ്ങള്‍ വരുത്തുന്ന 'പോണ്‍': 13 നും 17 നും ഇടയില്‍ പ്രായമുള്ള 1,350 കൗമാരക്കാരെ ഉള്‍പ്പെടുത്തി 2022 സെപ്‌റ്റംബറില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് പഠനസംഘത്തിന്‍റെ റിപ്പോര്‍ട്ട്. ലൈംഗിക ദൃശ്യങ്ങളിലേക്കുള്ള എത്തിച്ചേരല്‍ നിലവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും അതുകൊണ്ടുതന്നെ അതിന്‍റെ പ്രത്യാഘാതങ്ങളും അത്രകണ്ട് വലുതാണെന്നും പഠനം പറയുന്നു. മാത്രമല്ല യുവാക്കളില്‍ പോണോഗ്രഫിയുടെ സ്വാധീനം നിരവധി പ്രതികൂല ഫലങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വർധിച്ചുവരുന്ന ലൈംഗിക ആക്രമണം, ഉത്കണ്ഠ, വിഷാദം, നല്ല പെരുമാറ്റത്തിലെ അഭാവം, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, അപകടകരമായ ലൈംഗിക പെരുമാറ്റങ്ങൾ എന്നിവ പോണോഗ്രഫിയിലേക്കുള്ള നിരന്തരമായ എത്തിപ്പെടലിലൂടെ യുവാക്കള്‍ക്കിടയില്‍ സാധാരണമായി കണ്ടുവരുന്ന പ്രശ്‌നങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു.
അറിവിനുള്ള ഉപായം: അതേസമയം ശാരീരിക ഘടനയോടുള്ള ബഹുമാനം, ലൈംഗികതയേയും ശരീരഘടനയേയും കുറിച്ചുള്ള അറിവ് തുടങ്ങി പോണോഗ്രഫിയുടെ നല്ല വശങ്ങളും പഠനം അംഗീകരിക്കുന്നുണ്ട്. ഇത് പ്രധാനമായും എല്‍ജിബിടിക്യുപ്ലസ് (LGBTQI+) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണെന്നും പഠനം പറയുന്നു. എല്‍ജിബിടിക്യുപ്ലസ് (LGBTQI+) വിഭാഗത്തിലെ കൗമാരക്കാര്‍ പോണോഗ്രഫി ഉപയോഗിക്കുന്നത് വഴി അവരുടെ ലൈംഗികതയെക്കുറിച്ച് കൂടുതലറിയാനും അതുമുഖേന സ്വയം സ്വീകാര്യത നേടാനുമാകുമെന്ന് റിപ്പോര്‍ട്ട് പ്രസ്‌താവിക്കുന്നു.