സവായ്മധേപൂര്‍ (രാജസ്ഥാന്‍): വരുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കേരള മുൻ ചീഫ് ഇലക്ട്രല്‍ ഓഫിസറും രാജസ്ഥാൻ സ്വദേശിയുമായ ടിക്കാറാം മീണ. ഏത് പാര്‍ട്ടിയില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇടിവിഭാരത് കേരള ബ്യൂറോ ചീഫ് ബിജു ഗോപിനാഥിനോട് അദ്ദേഹം പറഞ്ഞു. തന്‍റെ ജന്മനാടായ രാജസ്ഥാനിലെ സവായ്മധേപൂര്‍ ജില്ലയില്‍ പുരാ ജോലന്ദയിലെ വീട്ടില്‍ വച്ച് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും സാമൂഹിക ജീവിതം അവസാനിപ്പിക്കരുതെന്ന് തന്‍റെ ജന്മനാട്ടില്‍ നിന്നും ആവശ്യം ഉയരുന്നതായി ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. പല ഗ്രാമങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയും സ്‌നേഹവുമാണ് ലഭിക്കുന്നത്. ഇതാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തനിക്ക് പ്രേരണയാകുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള കേഡറില്‍ നിന്ന് ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം വിരമിച്ചത്.
സിവില്‍ സര്‍വീസില്‍ നിന്ന് വിമരമിച്ച ടിക്കാറാം മീണയ്ക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ജന്മനാട്ടില്‍ സ്വീകരണ ചടങ്ങ് നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ വൻജനാവലിയാണ് പങ്കെടുത്തത്. ഇത് അദ്ദേഹത്തിനുള്ള വലിയ ജനസ്വാധീനത്തെ സൂചിപ്പിക്കുന്നു. ഇതാണ് ടിക്കാറാം മീണയെ രാഷ്ട്രീയ പ്രവേശനത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, ജാതി രാഷ്ട്രീയം വളരെ നിര്‍ണായകമായ രാജസ്ഥാനില്‍ വളരെ സ്വാധീനമുള്ള വിഭാഗമാണ് മീണ വിഭാഗം. പ്രത്യേകിച്ചും സവായ്മധേപൂര്‍ ജില്ലയില്‍ മീണ വിഭാഗത്തിനാണ് ഏറെ മേല്‍ക്കൈ.