കേരളം

kerala

ETV Bharat / bharat

'രാജസ്ഥാനിലെ തോൽവിക്ക് കാരണം ഗെലോട്ടിന്‍റെ താന്‍ പ്രമാണിത്തം, ഹൈക്കമാന്‍ഡിനെ പോലും ഇരുട്ടില്‍ നിര്‍ത്തി'; ടിക്കാറാം മീണ ഇടിവി ഭാരതിനോട്

Teeka Ram Meena about congress lost in Rajasthan: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സുവര്‍ണാവസരം കളഞ്ഞു കുളിച്ചെന്ന് ടിക്കാറാം മീണ. 50 സിറ്റിങ് എംഎല്‍എ മാരെ ഒഴിവാക്കിയിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു എന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ടിക്കാറാം മീണ ഇടിവി ഭാരതിനോട്  ടിക്കാറാം മീണ രാജസ്ഥാൻ തെരഞ്ഞെടുപ്പ്  Teeka Ram Meena congress lost in rajasthan  Rajasthan election congress lost  Teeka Ram Meena Rajasthan election result  Teeka Ram Meena Ashok Gehlot  rajasthan congress failure teeka ram meena  അശോക് ഗെലോട്ട് ടിക്കാറാം മീണ  ടിക്കാറാം മീണ രാജസ്ഥാൻ കോൺഗ്രസ് തോൽവി  രാജസ്ഥാൻ കോൺഗ്രസ് തോൽവി  സച്ചിൻ പൈലറ്റ് രാജസ്ഥാൻ തെരഞ്ഞെടുപ്പ്
Teeka Ram Meena Interview congress lost in Rajasthan Ashok Gehlot

By ETV Bharat Kerala Team

Published : Dec 4, 2023, 6:20 PM IST

Updated : Dec 4, 2023, 8:35 PM IST

തിരുവനന്തപുരം: രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താനുള്ള സുവര്‍ണാവസരം കോണ്‍ഗ്രസ് കളഞ്ഞു കുളിക്കുകയായിരുന്നെന്ന വിമര്‍ശനവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രകടന പത്രിക സമിതി സഹ കണ്‍വീനറും കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ടിക്കാറാം മീണ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെയോ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയോ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയോ ജന വികാരമുണ്ടായിരുന്നില്ല. എന്നിട്ടും അവിടെ കോണ്‍ഗ്രസിന് ഭരണം നഷ്‌ടമായതിന് പിന്നില്‍ അശോക്‌ ഗെലോട്ടിന്‍റെ തന്നിഷ്‌ടമായിരുന്നു എന്ന് ടിക്കാറാം മീണ ആരോപിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് ടിക്കാറാം മീണ.

കോണ്‍ഗ്രസിന്‍റെ തിരിച്ചടിയുടെ കാരണങ്ങളെ പാര്‍ട്ടിയുടെ പ്രകടന പത്രിക സമിതിയിലെ സുപ്രധാന സ്ഥാനം വഹിച്ച താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറച്ച് പരീക്ഷണം ആകാമായിരുന്നു. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാമായിരുന്നു. എഐസിസി തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയല്ല, മറിച്ച് ഏതാനും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ജനവികാരം ശക്തമായിരുന്നു. ഏകദേശം 130 നിയോജക മണ്ഡലങ്ങള്‍ ഹൈക്കമാന്‍ഡ് ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഇത്രയും സ്ഥലങ്ങളില്‍ വളരെ കരുതലോടെയായിരുന്നു ടിക്കറ്റ് വിതരണം നടത്തേണ്ടിയിരുന്നത്. ഇക്കാര്യം വിശദമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്‌തപ്പോള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറായില്ല.

ഹൈക്കമാന്‍ഡ് ശക്തമായി സമ്മര്‍ദം ചെലുത്തുകയും വീണ്ടും അധികാരത്തിലെത്താന്‍ ഇതൊക്കെ ആവശ്യമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതും ഗെലോട്ട് കേള്‍ക്കാന്‍ തയ്യാറായില്ല. അവസാനം അദ്ദേഹം പറഞ്ഞ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഹൈക്കമാന്‍ഡ് സീറ്റ് കൊടുത്തു.

എല്ലാവരെയും ഞാന്‍ വിജയിപ്പിച്ചോളാം എന്ന ഗെലോട്ടിന്‍റെ ഉറപ്പ് ഹൈക്കമാന്‍ഡ് വിശ്വസിച്ചു. യഥാര്‍ഥത്തില്‍ അദ്ദേഹം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഗെഹ്ലോട്ട് ശഠിച്ചപ്പോള്‍ പിന്നെ ഹൈക്കമാന്‍ഡിനും ഒന്നും ചെയ്യാനായില്ല.

എന്നിട്ടും ഹൈക്കമാന്‍ഡിന് ഇദ്ദേഹത്തിന് മേല്‍ സ്വാധീനം ചെലുത്താനുള്ള ശേഷിയുണ്ടായില്ലേ?

തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ഇതിനെ ചൊല്ലി വിവാദം ഉണ്ടാക്കേണ്ടെന്ന് ഹൈക്കമാന്‍ഡും തീരുമാനിച്ചു. ഗത്യന്തരമില്ലാതെ ഹൈക്കമാന്‍ഡും അനുമതി നല്‍കി. ജനവികാരം ശക്തമായ 130ല്‍ തീർത്തും വിജയ സാധ്യതയില്ലാത്ത 50 പേരെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ശക്തമായി ആവശ്യപ്പെട്ടു. അതിനും അദ്ദേഹം തയ്യാറായില്ല. അതിന് തയ്യാറായിരുന്നെങ്കില്‍ ഈ പരാജയം ഒഴിവാക്കാമായിരുന്നു.

അദ്ദേഹം ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട് യാഥാര്‍ഥ്യമായിരുന്നില്ല എന്നൊരു ശ്രുതി ഇപ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. ഗെലോട്ട് എങ്ങനെയും അധികാരം നിലനിര്‍ത്തണം എന്ന ആഗ്രഹത്തോടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, കെ സി വേണുഗോപാല്‍ എന്നിവരെല്ലാം ആത്മാര്‍ഥമായി ഗെലോട്ടിനെ സഹായിക്കാനാണ് ശ്രമിച്ചത്.

അതായത് രാജസ്ഥാന്‍ പരാജയത്തിന് ഗെലോട്ടിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നാണോ?

ഗെലോട്ട് സാറിന്‍റെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായിരുന്ന ലോകേഷ് ശര്‍മ്മ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്ലാത്തിനും ഉത്തരവാദി ഗെലോട്ട് ആണെന്ന് ലോകേഷ് ശർമ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ആരും പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറുമായിരുന്നില്ല. പുതിയ ആളുകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാനും തയ്യാറായില്ല.

പുതിയ ആളുകള്‍ക്ക് സീറ്റു കൊടുക്കാന്‍ അദ്ദേഹത്തിന് മനസില്ല. പതിവ് മുഖങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് വിശ്വാസം. പാര്‍ട്ടി താത്പര്യം സംരക്ഷിക്കുന്നതിന് പകരം സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അദ്ദേഹത്തിന് ചുറ്റുമുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദം ഒരേസമയം മുഖ്യമന്ത്രിയെയും ഹൈക്കമാന്‍ഡിനെയും തെറ്റിദ്ധരിപ്പിച്ചു. സത്യസന്ധമായ അഭിപ്രായം മുഖ്യമന്ത്രിക്ക് ഇഷ്‌ടമല്ലെന്നും ലോകേഷ് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ആറ് മാസത്തേക്ക് ഫീല്‍ഡില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അയച്ചുവെന്ന് ലോകേഷ് ശര്‍മ പറയുന്നു.

എന്നാല്‍, സത്യസന്ധമായി തയ്യാറാക്കിയ ആ റിപ്പോര്‍ട്ടിലെ ഒരു വാക്യം പോലും അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറായില്ല. ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ലോകേഷ് ശര്‍മയോട് അദ്ദേഹം കുപിതനുമായി.

സച്ചിന്‍ പൈലറ്റ് ഘടകവും തിരിച്ചടിച്ചോ?

സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന പരസ്യ നിലപാടിലായിരുന്നു ഗെലോട്ട്. പൈലറ്റിനെ അപമാനിക്കാന്‍ ഗെലോട്ട് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷം സൃഷ്‌ടിച്ചു. ഇത് തന്‍റെ സ്വന്തം തിരഞ്ഞെടുപ്പ് എന്ന നിലിലായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രചാരണം.

200 സീറ്റുകളിലും മത്സരിക്കുന്നത് താനാണ് എന്ന സന്ദേശം നല്‍കാനാണ് ഗെലോട്ട് ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ പരിപൂര്‍ണ ഉത്തരവാദിത്തം അശോക് ഗെലോട്ടിന് മാത്രമാണെന്നാണ് ലോകേഷ് ശര്‍മ്മ പറയുന്നത്. പ്രചാരണത്തിന് വേണ്ടി കോണ്‍ഗ്രസ് ചെലവഴിച്ച കോടിക്കണക്കിന് രൂപ പാഴായി.

പോസ്റ്ററുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയോ രാഹുല്‍ ഗാന്ധിയുടെയോ സോണിയ ഗാന്ധുയുടെയോ ചിത്രം വയ്ക്കാന്‍ ഗെലോട്ട് തയ്യാറായില്ല. എല്ലാ പോസ്റ്ററിലും ഒരേ ഒരു വ്യക്തിമാത്രം, ഗെലോട്ട്. അശോക് ഗെലോട്ട് മാജിക് ഒന്നും ഫലം കണ്ടില്ലെന്നാണ് ലോകേഷ് ശര്‍മ പറയുന്നത്.

സംഘടനാപരമായി കോണ്‍ഗ്രസ് രാജസ്ഥാനില്‍ ദുര്‍ബ്ബലമായിരുന്നോ?

ഒരിക്കലുമല്ല, ശക്തമായി മത്സരം എല്ലായിടത്തും കാഴ്‌ച വയ്ക്കാന്‍ കഴിയുന്ന നിലയില്‍ പാര്‍ട്ടി സംവിധാനം രാജസ്ഥാനില്‍ ശക്തമായിരുന്നു. ബിജെപി ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു പ്രചാരണം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

സച്ചിന്‍ പൈലറ്റിനെ അവഗണിക്കുന്നതിലുള്ള അമര്‍ഷം ഗുജ്ജാര്‍ സമുദായത്തിനുണ്ടായിരുന്നോ?

ഉണ്ടായിരിക്കാം. സ്വാഭാവികമായും കാണും.

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂപം കൊണ്ട മൂന്നാം മുന്നണി കോണ്‍ഗ്രസിന്‍റെ വോട്ട് ചോര്‍ത്തിയോ?

ഇല്ല അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ദക്ഷിണ രാജസ്ഥാനിലെ ആദിവാസി മേഖലയില്‍ ഭാരതീയ ആദിവാസി പാര്‍ട്ടി മൂന്നിടത്ത് വിജയിച്ചു. അവര്‍ക്ക് 10-12 മണ്ഡലങ്ങളില്‍ സ്വാധീനം ഉണ്ട്. അവര്‍ കോണ്‍ഗ്രസിന് ദോഷമുണ്ടാക്കിയിട്ടുണ്ട്. അവരുമായി സഖ്യത്തിന് കോണ്‍ഗ്രസിന് ശ്രമിക്കാമായിരുന്നു.

70 വയസും 80 വയസും കഴിഞ്ഞ ആളുകള്‍ക്ക് വരെ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കി. അത് ചെറുപ്പാരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി. ഇത്തവണ 22 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരായിരുന്നു. ഈ വോട്ട് ഭൂരിപക്ഷവും ബിജെപിക്കാണ് പോയത്.

പ്രായമായവര്‍ക്ക് സീറ്റ് നല്‍കുന്നതിന് പകരം പുതുമുഖങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ഈ വോട്ട് പൂര്‍ണമായും കോണ്‍ഗ്രസിന് സമാഹരിക്കാനാകുമായിരുന്നു. ഒരു പരീക്ഷണം നടത്താനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലാതെ പോയി. പുതുമുഖങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. സംശയമില്ല.

സര്‍ക്കാരിനെതിരെയല്ല വ്യക്തികള്‍ക്കെതിരെ ആയായിരുന്നു ജനവികാരം. മുഖ്യമന്ത്രിക്കെതിരെയും അല്ല. മന്ത്രിമാരെയും എംഎല്‍എമാരെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതായിരുന്നു പ്രശ്‌നം. അവിടെയായിരുന്നു പുതുമുഖ പരീക്ഷണം നേട്ടമുണ്ടാക്കുക. അതിന് തയ്യാറായില്ല.

ഇനി ആരായിരിക്കും രാജസ്ഥാനില്‍ പാര്‍ട്ടിയെയും എംഎല്‍എ മാരെയും നയിക്കുക?

എല്ലാം ഹൈക്കമാന്‍ഡ് നിശ്ചയിക്കും. എടുത്തു ചാടി തീരുമാനത്തിലേക്കു പോകേണ്ട സാഹചര്യം ഇപ്പോഴില്ലല്ലോ. വിശദമായി ഹൈക്കമാന്‍ഡ് എല്ലാ കാര്യങ്ങളും വിലയിരുത്തി തീരുമാനിക്കും.

Last Updated : Dec 4, 2023, 8:35 PM IST

ABOUT THE AUTHOR

...view details