ചെന്നൈ : നഗരത്തിലെ മാളില്‍ കഴിഞ്ഞ ദിവസം(മെയ് 21) നടന്ന ലഹരി പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരനായ 22കാരന്‍ മരിച്ചു. പ്രാഥമിക പരിശോധനയില്‍ അമിത മദ്യപാനം മൂലമാണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഗാതറിങ്' എന്ന പേരിലാണ് അനധികൃതമായി ലഹരി പാര്‍ട്ടി നടത്തിയത്.
മരിച്ച ഐടി ജീവനക്കാരന്‍ ചെന്നൈയിലെ മടിപ്പാക്കം സ്വദേശിയാണ്. റോയപ്പേട്ട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് മദ്യത്തോടൊപ്പം മയക്കുമരുന്നും നല്‍കിയിരുന്നോ എന്ന് പോലീസ് നിരീക്ഷിച്ചുവരികയാണ്.
പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് അറിഞ്ഞ പോലീസ് നിര്‍ബന്ധിത ലൈസന്‍സില്ലാതെ മാളിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ബാര്‍ റെയ്‌ഡ് ചെയ്‌ത് സീല്‍ ചെയ്‌തു. സംഭവത്തിന് പിന്നാലെ നഗരത്തില്‍ ഇനി ഇത്തരം നിയമവിരുദ്ധ പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ മുന്നറിയിപ്പ് നല്‍കി.