ജയ്‌പൂർ: മണലാരണ്യങ്ങൾക്ക് പുറമേ തടാകങ്ങളും കുന്നുകളും ആകാശത്തെ ചുംബിച്ചെന്നോണം നിൽക്കുന്ന രാജകൊട്ടാരങ്ങളുടെ പ്രൗഡിയാകാം രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലുണ്ടാകുന്നത്. എന്നാൽ കഥകൾക്കപ്പുറമുള്ള രാജസ്ഥാനിലെ കാഴ്‌ച്ചകൾ അങ്ങനെയാകണമെന്നില്ല.
വിദ്യാഭ്യാസത്തിന്‍റെ അനന്ത സാധ്യതകളപ്പറ്റി വാനോളം സംസാരിക്കുന്നവർക്കിടയിൽ വിദ്യ അഭ്യസിക്കാൻ പറ്റാതെ പോകുന്ന കുരുന്നുകളും ഇവിടെത്തെ നൊമ്പരക്കാഴ്‌ച്ച തന്നെയാണ്. കൊവിഡിന്‍റെ സാഹചര്യത്തിൽ സ്‌കൂളുകളിൽ പോകാൻ സാധിക്കാതെ വന്നതോടെ വീട്ടിലിരുന്ന് വിദ്യ അഭ്യസിക്കാം എന്ന് വിചാരിക്കുന്നവർക്കാകട്ടെ അതിനുള്ള സൗകര്യങ്ങളുമില്ല.
ഒട്ടകപ്പുറത്തെത്തി അധ്യാപകർ
ഈയൊരു സാഹചര്യത്തിൽ ഒട്ടകപ്പുറത്തേറി മണലാരണ്യങ്ങളിലെ കനത്ത ചൂടിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് വിദ്യാർഥികളുടെ വീട്ടിലെത്തി പഠിപ്പിക്കുന്ന കുറച്ച് അധ്യാപകരെ നമുക്ക് ഇവിടെ കാണാം. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള അധ്യാപകരാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാൻ ഒട്ടകപ്പുറത്ത് യാത്ര ചെയ്‌ത് എത്തുന്നത്.