ബെംഗളൂരു : ഷിമോഗയിൽ ഹിജാബ് ധരിച്ച് എസ്എസ്എൽസി മോഡൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർഥികളും അധികൃതരും തമ്മിൽ വാക്കേറ്റം. ഹിജാബ് നീക്കം ചെയ്യാതെ ക്ലാസ് റൂമിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പരീക്ഷ ബഹിഷ്കരിച്ച വിദ്യാർഥികള്‍ വീട്ടിലേക്ക് മടങ്ങി.
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞ് ജീവനക്കാർ 13 വിദ്യാർഥികളാണ് ഹിജാബ് ധരിച്ച് എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്കായി എത്തിയത്. എന്നാൽ പരീക്ഷ ഹാളിന് മുമ്പിൽ എത്തിയ ഇവരെ അധികൃതർ തടയുകയായിരുന്നു. ഹിജാബ് നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചെങ്കിലും വിദ്യാർഥികള്‍ വിസമ്മതിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികള്‍ വീടുകളിലേക്ക് മടങ്ങി.
ALSO READ ധീരസൈനികരുടെ സ്‌മരണയില്‍ രാജ്യം; പുല്‍വാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്
സംസ്ഥാനത്ത് ബെലഗാവി ജില്ലയിലെ സർദാർ സ്‌കൂളിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. സർദാർ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയെ വിദ്യാർഥികളെ സ്‌കൂള്‍ ജീവനക്കാർ ഗേറ്റിൽ വച്ച് തടഞ്ഞു. ഹിജാബ് മാറ്റില്ല എന്നാൽ ബുർഖ ഉപേക്ഷിക്കാം എന്ന് വിദ്യാർഥികള്‍ക്ക് ഒപ്പമെത്തിയ മാതാപിതാക്കള്‍ അറിയിച്ചെങ്കിലും ജീവനക്കാർ അനുവദിച്ചില്ല. തുടർന്ന് ഗേറ്റിന് മുമ്പിൽ പ്രതിഷേധിച്ച വിദ്യാർഥികള്‍ പരീക്ഷ എഴുതാതെ മടങ്ങി.
ബെലഗാവി ജില്ലയിലെ തന്നെ അഞ്ജുമോൻ സ്‌കൂളിലും ജീവനക്കാരും വിദ്യാർഥികളും തമ്മിൽ തർക്കമുണ്ടായതായാണ് റിപ്പോർട്ടുകള്‍. അതേസമയം കലബുറഗി ജില്ലയിലെ ഓൾഡ് ജെവർഗി ഉറുദു ഹൈസ്‌കൂളിൽ പത്തിലധികം വിദ്യാർഥികളെക്കൊണ്ട് അധ്യാപകർ ഹിജാബ് അഴിപ്പിച്ചു. പെൺകുട്ടികൾ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും, ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അവര്‍ക്ക് അറിവില്ലാത്തതിനാലാണ്, ഹിജാബ് മാറ്റിച്ചതെന്നും അധികൃതർ അറിയിച്ചു.