ഷാജഹാന്‍പൂര്‍ (ഉത്തര്‍ പ്രദേശ്):ലൈംഗികാതിക്രമം ഭയന്ന് സ്‌കൂളിലേക്ക് വരാന്‍ കൂട്ടാക്കാതെ പെണ്‍കുട്ടികള്‍. പതിനെട്ടിലധികം വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമമുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ സ്‌കൂളിലേക്കെത്താതെയായത്. സ്‌കൂളിലെ ശൗചാലയത്തില്‍ നിരവധി ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതോടെ മെയ് 13 ന് പ്രദേശവാസികള്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് നിലവില്‍ സ്‌കൂളിലെ ഹാജര്‍നില 35 ശതമാനത്തില്‍ താഴെയാണ്.
സംഭവം ഇങ്ങനെ:ഷാജഹാന്‍പൂരിലെ ദാദ്രൗൾ ബ്ലോക്കിലുള്ള സ്‌കൂളിലാണ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ മുഹമ്മദലിയെ ഇക്കഴിഞ്ഞ ഞായറാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാള്‍ക്ക് പിന്തുണ നല്‍കിവന്നിരുന്ന പ്രധാനാധ്യാപകന്‍ അനില്‍ പഥക്, അധ്യാപികയായ സൈജ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പട്ടികജാതി പട്ടിക വകുപ്പ് (അതിക്രമങ്ങൾ തടയൽ) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കൗണ്‍സിലിങ് മതിയാകുമോ?:50 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 112 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. എന്നാല്‍ തിങ്കളാഴ്‌ച 35 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. ആ പതിനെട്ടിലധികം വിദ്യാര്‍ഥിനികള്‍ക്ക് സംഭവിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും, പ്രത്യേകിച്ച് പെൺകുട്ടികള്‍ ഉള്‍പ്പെടുന്ന വിദ്യാർഥികളും ഭയന്നതാണ് ഇതിന് കാരണമെന്ന് വ്യക്തമാണെന്ന് അടിസ്ഥാന ശിക്ഷ അധികാരി (ബിഎസ്എ) കുമാർ ഗൗരവ് പറഞ്ഞു. അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൗൺസിലിങിന് വിധേയമാക്കുമെന്നും, അവർക്കിടയിൽ ആത്മവിശ്വാസം പുനർനിർമിക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാർഥികളുടെ എണ്ണം മെച്ചപ്പെടില്ലെന്ന് തങ്ങള്‍ക്ക് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് ലഭ്യമാക്കുന്നതിനൊപ്പം തന്നെ അധ്യാപകരെയും ബോധവത്കരിക്കേണ്ടതുണ്ടെന്നറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് രാംപാൽ രംഗത്തെത്തി. എന്നാല്‍ പ്രശ്‌നത്തില്‍ ഉടനടി ശക്തമായ നടപടി വേണമെന്നും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം രക്ഷിതാക്കളുടെ ആത്മവിശ്വാസം കെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാർഥികളുടെ സുരക്ഷിതമായ ഇടമായാണ് നാമെല്ലാവരും കാണുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുറച്ച് അധ്യാപകർ ചേര്‍ന്ന് സ്‌കൂളിന് നാണക്കേട് വരുത്തിയെന്നും അതിനാലാണ് മാതാപിതാക്കൾ മക്കളെ അയയ്‌ക്കാന്‍ വിമുഖത കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലൂടെയാണ് പെണ്‍കുട്ടികള്‍ കടന്നുപോയത്. അതുകൊണ്ടുതന്നെ അവര്‍ സ്‌കൂളിലേക്ക് വരാന്‍ മടിക്കുന്നു. അധ്യാപകരുടെ മോശം പെരുമാറ്റം അവരെ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും അത് മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്നും ഒരു രക്ഷിതാവും പ്രതികരിച്ചു.
പുരുഷന്മാരെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്:സംഭവത്തിന് പിന്നാലെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഉത്തര്‍ പ്രദേശ് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്‌ടർ ജനറൽ വിജയ് കിരൺ ആനന്ദും രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പരിശോധിക്കുന്നതിനും മാറ്റംവരുത്തുന്നതിനുമായി ഉത്തർ പ്രദേശിലെ 746 കസ്‌തൂർബാ ഗാന്ധി ബാലിക വിദ്യാലയങ്ങളിലെ (കെജിബിവി) മുഴുവൻ തസ്‌തികകളിലും വനിത ജീവനക്കാരെ ഉടൻ തന്നെ നിയമിക്കും. സംസ്ഥാനത്തെ 75 ജില്ലകളിലായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന പുരുഷ ഉദ്യോഗസ്ഥരുടെ കരാറുകൾ പുതുക്കി നൽകില്ല. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ റസിഡൻഷ്യൽ വിദ്യാഭ്യാസം നൽകുന്ന സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ സുരക്ഷയ്ക്കായാണ് ഈ നടപടി സ്വീകരിച്ചതെന്നും വിജയ് കിരൺ ആനന്ദ് അറിയിച്ചു.