ഗാരിയബന്ദ് :അമിതമായി മദ്യം കഴിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തി അധ്യാപകന്‍. ഛത്തീസ്‌ഗഡിലെ ഗാരിയബന്ദ് ജില്ലയിലെ മജർകട്ടയില്‍ വെള്ളിയാഴ്‌ചയാണ് (ഡിസംബര്‍ 23) സംഭവം. മദ്യലഹരിയിലായിരുന്ന മജർകട്ട സ്വദേശി ദോമൻകാന്ത് ധ്രുവാണ് ഇരുമ്പുവടി ഉപയോഗിച്ച് മീന ധ്രുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
മദ്യം വിലക്കിയതില്‍ പ്രകോപനം ; ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അധ്യാപകന്‍ - മദ്യം വിലക്കിയതില്‍ പ്രകോപനം
ഭാര്യയെ തലയ്‌ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് പ്രതിയായ അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കിയത്
ഇരുവരും സർക്കാർ സ്‌കൂളുകളിലെ അധ്യാപകരാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ തനിക്ക് ഖേദമില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് മരുമകൻ യുവതിയെ കൊലപ്പെടുത്തിയതെന്ന് അമ്മാവൻ മണിറാം പൊലീസിന് മൊഴി നല്‍കി. ദോമൻകാന്ത് ധ്രുവ് ഇൻഡഗാവിലേയും ഭാര്യ മീന ധ്രുവ് ഗഞ്ജയ്‌പുരി സ്‌കൂളിലുമാണ് ജോലി ചെയ്യുന്നത്.
ദോമൻകാന്ത് മദ്യത്തിന് അടിമയായതിനെ തുടര്‍ന്ന് ഇവരുടെ രണ്ട് കുട്ടികള്‍ മുത്തശ്ശിയുടെ വീട്ടിലാണ് കഴിയുന്നത്. വെള്ളിയാഴ്‌ച രാത്രി വീട്ടിലിരുന്ന് അമിതമായി മദ്യപിച്ച ഇയാളെ വിലക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ശേഷമാണ് കൊലപ്പെടുത്തിയത്. മീന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വീടിനകത്ത് രക്തം തളംകെട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.