ബെംഗളൂരു: കർണാടകയിലെ തുംകൂർ ജില്ലയിൽ സ്‌കൂളിൽ വച്ച് അധ്യാപികയെ മദ്യവുമായി പിടികൂടി. ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് പഠിപ്പിക്കുന്നതിനിടെ അധ്യാപികയായ ഗംഗാലക്ഷ്‌മയെ നാട്ടുകാർ കൈയോടെ പിടികൂടിയത്. 25 വർഷമായി ഈ സ്‌കൂളിൽ അധ്യാപികയാണ് ഗംഗാലക്ഷ്‌മ.
സ്‌കൂളിൽ മദ്യവുമായി അധ്യാപിക: കയ്യോടെ പിടികൂടി നാട്ടുകാർ; അധ്യാപികക്ക് സസ്‌പെൻഷൻ കുടുംബവഴക്കിനെ തുടർന്ന് അഞ്ച് വർഷമായി ഗംഗാലക്ഷ്‌മ മദ്യത്തിന് അടിമയായിരുന്നു. അധ്യാപികയായ ഗംഗാലക്ഷ്‌മ മദ്യപിച്ച് പഠിപ്പിക്കുകയും വിദ്യാഥികളെ ഉപദ്രവിക്കുകയും ചെയ്‌തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ അധ്യാപികയെ താക്കീത് നൽകി വിട്ടു.
എന്നാൽ രക്ഷിതാക്കളും നാട്ടുകാരും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു ഫലവും ഇല്ലാതെ വന്നപ്പോൾ സ്‌കൂൾ പൂട്ടി അധ്യാപികക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ പരാതിയിൽ ബിഇഒ ഹനുമ നായിക് സ്ഥലത്തെത്തി പരിശോധന നടത്തി. അധ്യാപികയുടെ മേശയുടെ ഡ്രോയർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ അധ്യാപിക എതിർക്കുകയും പ്രകോപിതരായ ഗ്രാമവാസികൾ മേശ പുറത്തെടുത്ത് ഡ്രോയറിന്‍റെ പൂട്ട് തകർക്കുകയുമായിരുന്നു.
ഡ്രോയറിൽ നിന്ന് ഒരു കുപ്പി മദ്യവും രണ്ട് ഒഴിഞ്ഞ കുപ്പികളും കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കി.