ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടുമെന്നാണ് പ്രശസ്‌തമായ ഒരു പരസ്യ വാചകം. രുചി മാത്രമല്ല, ചായ കുടിച്ചാല്‍ അതൊരു ഉൻമേഷം കൂടിയാണെന്ന് പറയുന്നവരുമുണ്ട്. സഹസ്രാബ്‌ദങ്ങൾക്ക് മുൻപ് ചൈനയിലെ രാജാവില്‍ നിന്ന് തുടങ്ങിയ ചായക്കഥ ഇന്ന് ലോകത്തിന്‍റെയാകെ രുചിയായി മാറിയത് ചരിത്രമാണ്. ഒരു ഇല നല്‍കുന്ന ഉന്മേഷം എന്നതിനപ്പുറം ഒന്നിച്ചിരുന്നൊരു ചായ കുടിച്ചാല്‍ കിട്ടുന്ന സന്തോഷം കൂടിയാണ് ഓരോ ചായക്കഥയിലും നിറയുന്നത്.
കേരളത്തില്‍ മൂന്നാറിലും വയനാട്ടിലും കൊളുന്ത് നുള്ളിയെടുത്ത് അതിനെ തേയിലയാക്കി മാറ്റി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുമ്പോൾ മലയാളിയും ഈ ചായക്കഥയിലെ പ്രധാന കഥാപാത്രമാണ്. പലനാടുകളില്‍ പല പേരുകളിലായി പടർന്ന് കിടക്കുകയാണ് ചായപ്പെരുമ. ഇറാനി ചായയും തന്തൂരി ചായയും നിലോഫർ ചായയുമൊക്കെ കേട്ടവർക്ക് തുർക്കി ചായയും അറേബ്യൻ ചായയും പരീക്ഷിക്കാവുന്നതാണ്.
പക്ഷേ കോഴിക്കോട്ടെ പൊടി തേയില ചായയും, തിരുവനന്തപുരത്തെ അടിച്ചു പതപ്പിച്ച ചായയും മറക്കാനാകില്ലല്ലോ. ചായപ്പെരുമ പാല്‍ ചായും കട്ടൻ ചായയും കടന്ന്, ലൈം ടീ, ജിഞ്ചർ ടീ, ഗ്രീൻ ടീ, തായ് ടീ, കേസർ ചായ, മസാല ചായ, ചോക്‌ളേറ്റ് ചായ... അങ്ങനെ ലോകമാകെ പടർന്നു കഴിഞ്ഞു.
ഇളം മഞ്ഞും മഴയും തണുപ്പും വെയിലുമേറ്റ് വിടരുന്ന തേയിലച്ചെടികൾക്ക് ലോകത്തിനാകെ ഉൻമേഷം പ്രദാനം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയ ആ നിമിഷം, ഒരു കപ്പ് ചായയുമായി ദിവസം ആരംഭിക്കുന്നവർക്ക് അതില്‍ പരം സന്തോഷം മറ്റെന്ത് വേണം.
തേയില ദിനം: എല്ലാ വർഷവും മെയ് 21ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു. ഇതു സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭ 2019 ഡിസംബർ 20 ന് അംഗീകരിച്ചു. ഈ ദിനം മുമ്പ് ആചരിച്ചിരുന്നത് ഡിസംബർ 15 നായിരുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു.
അമിത ഉപയോഗം വേണ്ട: ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷകരമാണെന്ന് യൂറോപ്പിലെ ഗവേഷകർ കണ്ടെത്തിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും വിശദമായ പഠനങ്ങൾ നടക്കുകയാണ്.