അമരാവതി:ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ പാർട്ടിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) നേതാവ് പി ശേഷഗിരി റാവുവിന് നേരെ വധശ്രമം. ഇന്ന് രാവിലെ കാക്കിനട ജില്ലയിലെ ടുണിയിലെ വീട്ടിൽ വെച്ച് അജ്ഞാത യുവാവ് അദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ശേഷഗിരി റാവുവിനെ ടുണിയിലെ കോർപ്പറേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ: ടിഡിപി നേതാവ് പി ശേഷഗിരി റാവുവിന് നേരെ വധശ്രമം; സന്യാസി വേഷത്തിലെത്തിയ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി വേഷം ധരിച്ച് ഭിക്ഷയാചിച്ചെത്തിയ യുവാവാണ് ശേഷഗിരിയെ ആക്രമിച്ചത്. ധാന്യം നൽകുന്നതിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അക്രമി അദ്ദേഹത്തെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ നിലത്തുവീണ റാവുവിനെ അക്രമി വീണ്ടും വെട്ടുന്നതും ശേഷം ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
ടിഡിപി നേതാക്കളും മുൻ മന്ത്രിമാരുമായ യനമല രാമകൃഷ്‌ണുഡുവും ചിന്ന രാജപ്പയും ആശുപത്രിയിലെത്തി റാവുവിനെ സന്ദർശിച്ചു. ആക്രമണത്തിന് പിന്നിൽ മന്ത്രി ദാദിസെട്ടി രാജയുടെ അനുയായികളാണെന്ന് ടിഡിപി ആരോപിച്ചു. ടിഡിപിയുടെ ആന്ധ്രാപ്രദേശ് യൂണിറ്റ് പ്രസിഡന്‍റ് കെ. അച്ചൻനായിഡുവും ശേഷഗിരി റാവുവിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു.
മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പാത പിന്തുടരുകയാണെന്ന് അച്ചൻനായിഡു പറഞ്ഞു. വൈഎസ്ആർസിപിയുടെ അടിച്ചമർത്തലിനും അനീതിക്കും എതിരെ നിന്നതിനാണ് ശേഷഗിരി റാവു ആക്രമിക്കപ്പെട്ടത്. കൊലപാതകശ്രമം നടത്തിയവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് അച്ചൻനായിഡു കൂട്ടിച്ചേർത്തു.