ഗാന്ധിനഗര്‍: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം കരതൊടും. രാത്രി 8 മണിയോടെ ഗുജറാത്തിലെ പോർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്. ചുഴലിക്കാറ്റ് ദിയുവിനെ ബാധിക്കുമെന്നും അതിന്‍റെ ആഘാതം മഹുവയ്ക്ക് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങള്‍
1.50 ലക്ഷം പേരെ തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരും ഗുജറാത്തുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. നേരത്തെ 24 എൻഡിആർഎഫ് ടീമുകൾ സംസ്ഥാനത്ത് സജീവമാക്കിയിരുന്നു, ഇപ്പോഴത് 44 ടീമുകളായി ഉയര്‍ത്തി. സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ അനുദിനം മെച്ചപ്പെടുന്നുണ്ടെങ്കിലും പല ജില്ലകളിലും കേസുകൾ വർദ്ധിക്കുന്നതോടെ തീരപ്രദേശത്തെ കൊവിഡ് ആശുപത്രിക്കായി ഗുജറാത്ത് സർക്കാർ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശത്തെ 400 ആശുപത്രികൾക്ക് സര്‍ക്കാര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനറേറ്റർ സെറ്റും നിർബന്ധമായും ഉപയോഗിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ 607 അടിയന്തര ആംബുലൻസുകളും 444 ആരോഗ്യ സംഘങ്ങളെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 1,700 ടൺ ഓക്സിജനുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.