ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സ് യാത്ര വാഹനങ്ങൾക്ക് വില കൂട്ടുന്നു. ജൂലായ് 17 മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരും. ഇലക്‌ട്രിക് വാഹനങ്ങൾക്ക് അടക്കമാണ് വില വർധനയെന്ന് ടാറ്റമോട്ടോഴ്‌സ് അറിയിച്ചു. ടാറ്റയുടെ എല്ലാ മോഡലുകൾക്കും അതിന്‍റെ വേരിയന്‍റുകൾക്കും 0.6 ശതമാനമാണ് വില വർധിപ്പിക്കുന്നത്. അസംസ്‌കൃത ഉല്‍പന്നങ്ങളുടെ വിലക്കയറ്റമാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ കാരണമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
അതേസമയം 2023 ജൂലായ് 16 വരെയുള്ള ബുക്കിങുകൾക്ക് ഓഫർ ഉണ്ടായിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി നിരത്തിലിറക്കിയ പഞ്ച്, നെക്‌സോൺ, ഹാരിയർ എന്നി മോഡലുകൾക്കെല്ലാം വില വർധിപ്പിക്കുന്നുണ്ട്. ടിയാഗോ, നെക്‌സൺ, ടിഗോർ എന്നി മോഡലുകളുടെ ഇലക്‌ട്രിക് വേരിയന്‍റുകൾക്കും വില കൂടും. ടാറ്റയുടെ ജനപ്രിയ മോഡലുകളുടെ വില വർധന ഉപഭോക്താക്കൾ എങ്ങനെയാണ് സ്വീകരിക്കുക എന്നാണ് വാഹന വിപണി ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില രണ്ട് ശതമാനം വർധിപ്പിച്ചിരുന്നു. 2023 ജനുവരി മുതല്‍ പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്‍റില്‍ ടാറ്റയുടെ ശക്തരായ എതിരാളികളായ മാരുതി സുസുക്കിയും വില കൂട്ടിയിരുന്നു ഈ പശ്‌ചാത്തലത്തില്‍ വില വർധിപ്പിക്കുന്നത് ടാറ്റയുടെ വിപണിയെ ബാധിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
ഇലക്‌ട്രിക് വിപ്ലവം നയിക്കാൻ ടാറ്റ:ഇന്ത്യൻ ഇലക്‌ട്രിക് വാഹനവിപണിയിലെ കരുത്തൻ ആരെന്ന് ചോദിച്ചാല്‍ അത് ടാറ്റയാണെന്ന് നിസംശയം പറയാം. വിവിധ ഇലക്‌ട്രിക് മോഡലുകളാണ് ടാറ്റയുടേതായി ഇപ്പോൾ നിരത്തിലുള്ളത്. അതിനൊപ്പം വര്‍ഷമാദ്യം നടന്ന 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. അതിനൊപ്പം ഹാരിയർ ഇലക്‌ട്രിക്കിന്‍റെ ടീസറും പുറത്ത് വിട്ടു.
ടീസറിനൊപ്പം ഹാരിയര്‍ ഇവി അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം എൻട്രി ലെവൽ ഇവി സെഗ്‌മെന്റിലെ വലിയ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ടാറ്റ മോട്ടോഴ്‌സിന്‍റെ ജനപ്രിയമായ പഞ്ച് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാഹനത്തിന്‍റെ ICE പതിപ്പ് അടുത്തിടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളുടെ പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടിരുന്നു.
ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പഞ്ച് ഇവി ഇപ്പോൾ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. നെക്സോൺ, ടിയാഗോ, ടിഗോർ എന്നിവയുടെ ഇലക്‌ട്രിക് പതിപ്പുകളിലെന്നപോലെ, പഞ്ച് ഇവിയുടെ എക്സ്റ്റീരിയറും മനോഹരമാണ്.
ഇനി വരുന്നത് 'ഫ്രെസ്റ്റ്': ഏറ്റവും ഒടുവിലായി ടാറ്റ ട്രേഡ്മാര്‍ക്ക് സ്വന്തമാക്കിയ പേരാണ് 'ഫ്രെസ്റ്റ്'. കഴിഞ്ഞ വര്‍ഷം ഈ പേരില്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചെങ്കിലും ഈ മാസമാണ് അനുവദിക്കപ്പെട്ടത്. കര്‍വ് കൂപ്പെ എസ്‌യുവിയുടെ പ്രെഡക്ഷന്‍ പതിപ്പിന് ഈ പേര് നല്‍കിയേക്കുമെന്നാണ് വിവരം. 2022 ഏപ്രിലിലാണ് ടാറ്റ കര്‍വ് ഇവി കണ്‍സെപ്റ്റ് കാര്‍ ടാറ്റ പുറത്തുവിട്ടത്.