മുംബൈ :ഇലക്‌ട്രിക് വാഹന നിര്‍മാണം വിപുലപ്പെടുത്താന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ മോഡലുകള്‍ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഇറക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചു. ഒരു ദശാബ്‌ദം കൊണ്ട് ഇലക്ട്രിക് കാറുകളുടെ വില്‍പന, മൊത്ത വാഹന വില്‍പനയുടെ 30 ശതമാനത്തിലേറെയാക്കാനാണ് കമ്പനിയുടെ തീരുമാനം.
പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹന മോഡലുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം മികച്ച രീതിയില്‍ തന്നെ കമ്പനി തുടരുമെന്നും ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പന വര്‍ധിക്കുമെങ്കിലും 2030ന് ശേഷവും പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങള്‍ക്കുള്ള ആവശ്യകത ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തി ടിയാഗോ :ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്‌ട്രിക് വാഹനമായ ടിയാഗോ ഇവി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 8.49 ലക്ഷം - 11.79 ലക്ഷം (എക്‌സ്ഷോറൂം വില) രൂപയ്‌ക്കാണ് ആദ്യത്തെ പതിനായിരം പേര്‍ക്ക് വാഹനം ലഭ്യമാക്കുക. രണ്ടായിരം വാഹനങ്ങള്‍ നെക്‌സണ്‍ ഇവി (Nexon EV), ടിഗര്‍ ഇവി (Tigor EV) എന്നീ ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് എളുപ്പത്തില്‍ ലഭ്യമായ ഇലക്‌ട്രിക് പാസഞ്ചർ വെഹിക്കിള്‍ ബ്രാന്‍ഡും ടാറ്റ മോട്ടോഴ്‌സിന്‍റെ ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതുമായ മോഡലുമാണ് ടിയാഗോ ഇവി. ടാറ്റ മോട്ടോഴ്‌സ് 12.49 ലക്ഷം - 19.84 ലക്ഷം രൂപ വിലയ്‌ക്കാണ് ടിഗര്‍, നെക്‌സണ്‍ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.
ടിയാഗോ ഇവി വിപണിയിലിറക്കുന്നതോട് കൂടി രാജ്യത്തെ തങ്ങളുടെ ഇലക്ട്രിക് വാഹന വില്‍പനയുടെ ശൃംഖല ടാറ്റ മോട്ടോഴ്‌സ് വിപുലമാക്കുകയാണ്. നിലവിലെ ഇലക്ട്രിക് വാഹന വില്‍പന കേന്ദ്രങ്ങളുടെ എണ്ണം 90ല്‍ നിന്ന് 165 ആയി ഉയർത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പത്ത് മോഡലുകളടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ തങ്ങള്‍ക്കുണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ എംഡി ഷൈലേഷ് ചന്ദ്ര പറഞ്ഞു.
ഒരോ വര്‍ഷവും പുതിയ മോഡലുകള്‍ : പല പ്രൈസ് പോയിന്‍റുകളിലായിരിക്കും ഈ പത്ത് മോഡലുകളും. ഓരോ വര്‍ഷവും ഒന്നോ രണ്ടോ പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുമെന്നും ഷൈലേഷ് ചന്ദ്ര പറഞ്ഞു. 50,000 ഇലക്ട്രിക് കാറുകള്‍ ഈ വര്‍ഷം ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പെട്രോള്‍, ഡീസല്‍ വാഹന വില്‍പനയില്‍ നിന്നുള്ള ലാഭം കൊണ്ടായിരിക്കില്ല ഇലക്‌ട്രിക് വാഹനങ്ങളുടെ വികസനത്തിനും ഉത്‌പാദനത്തിനുമായുള്ള നിക്ഷേപം കണ്ടെത്തുക. പുതിയ മൂലധന നിക്ഷേപം നടത്തിയും കമ്പനികള്‍ രൂപീകരിച്ചുമാണ് ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
ഇലക്ട്രിക് കാര്‍ ഉത്‌പാദനത്തിനുള്ള മൂലധനത്തിനായി 100 കോടി യുഎസ് ഡോളര്‍ ടിപിജി റൈസ് ക്ലൈമറ്റില്‍ നിന്ന് സ്വരൂപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഇന്‍വെസ്റ്റിങ് കമ്പനിയായ ടിപിജിയുടെ പ്രകൃതി സൗഹൃദ ബിസിനസില്‍ മാത്രം നിക്ഷേപം നടത്തുന്നതിനുള്ള ഒരു ശാഖയാണ് ടിപിജി റൈസ് ക്ലൈമറ്റ് .
ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പനയിലൂടെ തന്നെ ഇലക്ട്രിക് വാഹന ബിസിനസ് നിക്ഷേപത്തിനുള്ള തുക കണ്ടെത്താന്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കമ്പനിക്ക് സാധിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രിക് കാര്‍ ബിസിനസില്‍ പുതിയ മൂലധനം സ്വരൂപിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.