ന്യൂഡൽഹി: അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിസഭയിലും അസം മന്ത്രിസഭയിലും ഒരുപോലെ അനുഭവ സമ്പത്തുള്ള ഭരണാധികാരിയും ജനപ്രിയ നേതാവുമായിരുന്ന തരുൺ ഗോഗോയി രാഷ്ട്രീയത്തിൽ അത്യധികം പരിചയസമ്പന്നനായിരുന്നുവെന്ന് മോദി വിശേഷിപ്പിച്ചു.
അസം മുൻ മുഖ്യമന്ത്രിയുടെ മരണത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി. "ഒരു യുഗത്തിനവസാനം" എന്ന് ട്വിറ്ററിൽ കുറിച്ച രാഷ്ട്രപതി ഗോഗോയിയുടെ ഭരണകാലം അസമിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നതായി അഭിപ്രായപ്പെട്ടു. അതി സമ്പന്നമായ രാഷ്ട്രീയ പരിചയമുളള തരുൺ ഗോഗോയിയുടെ വിടവാങ്ങൽ രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. അസമിന്റെ വികസനത്തിലും പ്രത്യേകിച്ച് ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും ഗോഗോയ് വഹിച്ച പങ്ക് എന്നും ഓർമിക്കപ്പെടുമെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തരുൺ ഗോഗോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ഇരുവരും അനുശോചനം അറിയിച്ചു.