ന്യൂഡൽഹി: കശ്‌മീരില്‍ അടുത്തിടെ ഭീകരര്‍ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്‌മീര്‍ താഴ്‌വരയിൽ തീവ്രവാദം വർധിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം ജനങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യം ആശങ്കാജനകമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൗരന്മാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ വർധിച്ചുവരികയാണ്. കശ്‌മീരിലെ ജനങ്ങൾ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇവിടെ സൈന്യത്തിന് നേരെയും ആക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു.
ALSO READ:പെട്രോള്‍ ഡീസൽ വിലവര്‍ദ്ധന; കേന്ദ്രത്തിനെതിരെ ബംഗാളിൽ വ്യാപക പ്രതിഷേധം
കശ്‌മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് രാഹുൽ ഗാന്ധിയും താനും പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകൾ നടത്തിയെന്ന റിപ്പോർട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. താൻ ഒരു മത നേതാവിനെ സന്ദർശിച്ചിരുന്നു. സ്വകാര്യ സംഭാഷണമാണ് നടത്തിയത്. എന്നാല്‍ ചില മാധ്യമപ്രവർത്തകർ അത് തെറ്റായി ചിത്രീകരിച്ചു.
താഴ്‌വരയിൽ സമാധാനമില്ല, തീവ്രവാദം വർധിച്ചുവെന്ന് താന്‍ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍, മതനേതാവുമായുള്ള സംഭാഷണത്തിന്‍റെ ഭാഗം തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതാണ് വിവാദത്തിന് തിരികൊളുത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.