ബെംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക. ഡിസംബർ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി കൊവിഡില്‍ നിന്ന് മുക്തി നേടുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ വ്യക്തമാക്കി. യോഗ ദിനത്തോടനുബന്ധിച്ച് ഏഴ് ലക്ഷത്തോളം പേർക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ നിർദ്ദേശം
വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയില്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read:ഇന്ത്യയിൽ നടക്കുന്നത് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്: ജെപി നദ്ദ
15 ലക്ഷം ഡോസ് കൊവിഷീൽഡും 6-7 ലക്ഷം ഡോസ് കോവാക്‌സിനും സംസ്ഥാനത്തിന്‍റെ കൈവശമുണ്ടെന്നും സംസ്ഥാനത്തൊട്ടാകെയുള്ള 13,000 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി ഇതുവരെ 1.86 കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ സജീവ പങ്കാളിത്തമാണ് വാക്‌സിനേഷൻ ഡ്രൈവിന്‍റെ വിജയത്തിന് നിർണായകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഇപ്പോൾ വർധിച്ചിട്ടുണ്ട്. തുടക്കത്തിൽ ആളുകൾക്ക് വാക്‌സിന്‍ എടുക്കാന്‍ വിമുഖത ഉണ്ടായിരുന്നുവെങ്കിലും ക്രമേണ അത് കുറഞ്ഞു. വൈറസിൽ നിന്ന് പരിരക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക്‌സിനെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.