ഛണ്ഡീഗഡ് : ഹരിയാനയില്‍ ഓയില്‍ ടാങ്കര്‍ കാറിലും പിക്കപ്പിലും ഇടിച്ചു. അപകടത്തില്‍ നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരും പിക്കപ്പിലെ ഡ്രൈവറുമാണ് മരിച്ചത്. ഡല്‍ഹി ജയ്‌പൂര്‍ ഹൈവേയില്‍ വെള്ളിയാഴ്‌ച (നവംബര്‍ 10) രാത്രിയാണ് സംഭവം.
ജയ്‌പൂരില്‍ നിന്നും വരികയായിരുന്ന ഓയില്‍ ടാങ്കര്‍ എതിരെ വന്ന കാറുമായും പിക്കപ്പ് വാനുമായും കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കാറിലാണ് ടാങ്കര്‍ ഇടിച്ചത്. ഇതോടെ കാറിലുണ്ടായിരുന്ന സിഎന്‍ജി സിലിണ്ടറുകളില്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് കാറിന് തീപിടിത്തമുണ്ടാകുകയും മൂന്ന് പേര്‍ പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.
കാറില്‍ ഇടിച്ച ടാങ്കര്‍ മുമ്പിലുണ്ടായിരുന്ന പിക്കപ്പിലും ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. രാത്രിയാണ് ഡൽഹി-ജയ്‌പൂർ ഹൈവേയില്‍ അപകടമുണ്ടായതായി തങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ തങ്ങള്‍ സംഭവ സ്ഥലത്തെത്തിയെന്ന് പൊലീസ് പറഞ്ഞു.
തങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ തീപിടിച്ച് നശിച്ചിരുന്നു. മൂന്ന് വാഹനങ്ങളിലും തങ്ങള്‍ പരിശോധന നടത്തിയെന്നും പൊള്ളലേറ്റ് കാറിലെ മൂന്ന് പേരും പിക്കപ്പ് ഡ്രൈവറും മരിച്ചതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഓയില്‍ ടാങ്കറിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു.
Also read:ആനക്കല്ലുംപാറ വളവിൽ സ്‌കൂട്ടർ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്