ചെന്നൈ: കനത്ത മഴയില്‍ പ്രളയസമാന അന്തരീക്ഷത്തിലാണ് ചെന്നൈ. മഴക്കെടുതിക്കൊപ്പം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ രക്ഷാപ്രവർത്തനവുമായി മുന്നോട്ടു പോകുമ്പോൾ ഒരു വനിത പൊലീസ് ഇൻസ്‌പെക്‌ടര്‍ യുവാവിനെ രക്ഷപെടുത്തുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
യുവാവിനെ രക്ഷിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ കനത്ത മഴയില്‍ വീണ മരത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ടിപി ചത്രം ഇൻസ്‌പെക്‌ടർ രാജേശ്വരിയാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ വാർത്തകളിലെ താരം. മരം വീണ് അവശനിലയിലായ 28കാരൻ ഉദയകുമാറിനെ സ്വന്തം തോളില്‍ തൂക്കിയെടുത്ത് രാജേശ്വരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചെന്നൈ കീഴ്‌പാക്കം ശ്‌മാശനത്തില്‍ ജോലിക്കാരനായ ഉദയകുമാർ മരം വീണ് അബോധാവസ്ഥയിലായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഇൻസ്‌പെക്‌ടർ രാജേശ്വരിയും സംഘവും ഉദയകുമാറിനെ മരത്തിനടിയില്‍ നിന്ന് പുറത്തെടുത്തു. ജീവനുണ്ടെന്ന് മനസിലായപ്പോൾ തോളില്‍ ചുമന്ന് റോഡിലെത്തിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഉദയകുമാറിനെ ആശുപത്രിയിലെത്തിച്ചു.
രാജേശ്വരിയുടെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍ രക്ഷിക്കാനായി. യുവാവിന്‍റെ ജീവന്‍ രക്ഷപെട്ടുവെന്നും രാജേശ്വരിക്ക് അഭിനന്ദം അറിയിച്ച് ചെന്നൈ പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ജിയാല്‍ പറഞ്ഞു.
ചെരുപ്പില്ലാതെ ചെളിയില്‍ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ ഒരാളുടെ ജീവൻ രക്ഷിച്ച ഇൻസ്‌പെക്‌ടർക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ഉദയകുമാർ ഇപ്പോൾ കീഴ്‌പാക്കം സർക്കാർ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.