ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
പൊതുജനാരോഗ്യ വകുപ്പിന്‍റെ നിർബന്ധിത വാക്സിനേഷൻ വിജ്ഞാപനം പിൻവലിച്ചിട്ടുണ്ടെങ്കിലും, മറ്റ് കൊവിഡ് -19 പ്രോട്ടോക്കോളുകൾ നിലനിൽക്കും. അതായത്, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് തുടരുക. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്.