തിരുവനന്തപുരം :അടുത്ത വർഷത്തോടെ കെ ഫോൺ മാതൃകയിൽ തമിഴ്‌നാട്ടിലും ഫൈബർ കണക്ഷൻ വീടുകളിൽ എത്തിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി ഡോ. പഴനിവേൽ ത്യാഗരാജൻ. എഐ സാങ്കേതിക വിപ്ലവം സർക്കാരുകളാണ് നയിക്കേണ്ടത്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം വരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലെ ഐടി മേഖല എന്ന വിഷയത്തിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി മേഖലയിൽ എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഐടി മേഖല ഏത് വ്യക്തിക്കും കുറഞ്ഞ ചിലവിൽ ലഭിക്കുമെന്ന് കൊവിഡ് സമയത്തെ സാഹചര്യത്തിൽ നിന്നും നമുക്ക് മനസിലായി. വികസനത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നത് സാമൂഹിക നീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള തമിഴ്‌നാട് സർക്കാരുകൾ തമ്മിൽ നല്ല രീതിയിലുള്ള സമന്വയമുണ്ട്. കേരളത്തിലെ കെ ഫോൺ എല്ലാവർക്കും മാതൃകയാണ്. കെ ഫോൺ പഠിക്കാനെത്തിയ സമിതിയിൽ താന്‍ അംഗമായിരുന്നു. എല്ലാ വീടുകളെയും അതിവേഗം ഇന്‍റർനെറ്റ് കൊണ്ട് ബന്ധിപ്പിക്കുന്നത് വലിയ മുന്നേറ്റമാണെന്നും കെ ഫോൺ മാതൃകയിൽ തമിഴ്‌നാട് ഫൈബർ നെറ്റ്‌വർക്ക് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും മന്ത്രി പഴനിവേൽ ത്യാഗരാജൻ വ്യക്തമാക്കി.