ചെന്നൈ:വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്തുള്ള ഏക്യാർ കുപ്പയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അനധികൃതമായി മദ്യം തയ്യാറാക്കി വില്‍ക്കുന്നയിടത്ത് നിന്നും മദ്യം വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ ഞായറാഴ്‌ച മരിച്ചിരുന്നു.
സര്‍ക്കാരിനെതിരെ:അതേസമയം നേരിട്ടല്ലെങ്കിലും ദുരന്തത്തിന് കാരണം സര്‍ക്കാരാണെന്നറിയിച്ച് പ്രദേശവാസികളും രംഗത്തെത്തി. സർക്കാർ മദ്യശാലകളിൽ 180 മില്ലി ലിറ്റർ മദ്യത്തിന് 150 മുതൽ 300 രൂപ വരെയാണ് വില. എന്നാൽ വാറ്റിയെടുത്ത ഇത്തരം വ്യാജമദ്യം 50 രൂപയ്ക്കാണ് വിൽക്കുന്നത്. അതുകൊണ്ടുതന്നെ ബാറില്‍ അധികം തുക നല്‍കി മദ്യം വാങ്ങി ഉപയോഗിക്കാന്‍ മടിയുള്ളവര്‍ വിലകുറഞ്ഞ ഇത്തരം മദ്യത്തിന് അടിമകളാകുന്നുവെന്നാണ് ഇവര്‍ അറിയിക്കുന്നത്. മാത്രമല്ല കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയോട് ചേർന്ന ജില്ലകളിലും മദ്യവിൽപന തകൃതിയായി നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. അനധികൃതമായി നിര്‍മിക്കുന്ന ഇത്തരം മദ്യത്തില്‍ ലഹരി വര്‍ധിപ്പിക്കുന്നതിനായി അനിയന്ത്രിതമായ രീതിയില്‍ മെഥനോള്‍ കലര്‍ത്തുന്നതായും ആക്ഷേപമുണ്ട്.
സംഭവം ഇങ്ങനെ:ശനിയാഴ്‌ച (മെയ് 13) വൈകുന്നേരം ഏക്യാർ കുപ്പയില്‍ നടന്ന ഒരു ചടങ്ങില്‍ വിതരണം ചെയ്‌ത മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടാകുന്നത്. ഇവിടെ വച്ച് മദ്യപിച്ചവര്‍ വന്‍തോതില്‍ ഛർദിച്ച സാഹചര്യത്തില്‍ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ ഞായറാഴ്‌ച പുലർച്ചെ മരിക്കുകയായിരുന്നു. മാത്രമല്ല ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി മറ്റ് 15 പേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെ മരണം ഒമ്പതായി.