ചെന്നൈ:ഓൺലൈൻ റമ്മി വാതുവയ്‌പ്പില്‍ അകപ്പെട്ട് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗെയിമുകള്‍ നിരോധിച്ചതായി ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഓൺലൈൻ വാതുവയ്‌പ്പ് ഒഴികെ ബാക്കിയുള്ള ഓൺലൈൻ ഗെയിമുകൾ പരിശോധിക്കാൻ ഒരു റെഗുലേറ്ററി കമ്മിഷൻ രൂപീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ ഓൺലൈൻ ഗെയിമുകൾക്കുള്ള അനുമതികൾ നിയന്ത്രിക്കാൻ കമ്മിഷൻ നിർബന്ധിതരാകും. അതേസമയം ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട പരസ്യങ്ങളും സർക്കാർ നിരോധിച്ചിട്ടുണ്ട്.
ശിക്ഷയില്‍ 'കോടതിക്ക് പോലും' ഇടപെടാനാകില്ല; റമ്മിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി - ഗെയിമർമാർ
ഓൺലൈൻ റമ്മി വാതുവയ്‌പ്പ് ഗെയിമുകളും പരസ്യങ്ങളും നിരോധിച്ചതായി ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍
വിരമിച്ച ഒരു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഐടി വിദഗ്‌ധർ, മനഃശാസ്‌ത്ര വിദഗ്‌ധര്‍, ഓൺലൈൻ ഗെയിമർമാർ എന്നിവർ അംഗങ്ങളായുള്ള കമ്മിഷനാണ് രൂപികരിക്കുക. കൂടാതെ ഇത്തരം ഓൺലൈൻ ഗെയിമിങ് കമ്പനികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിൽ നിന്നും ബാങ്കുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വാതുവയ്‌പ്പ് ഗെയിമുകൾ കളിക്കുന്നവർക്ക് മൂന്ന് മാസം തടവോ 5,000 രൂപ പിഴയോ ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഇത്തരം ഗെയിമുകളുടെ പരസ്യങ്ങളിൽ ഉൾപ്പെടുന്നവരിൽ നിന്ന് 5 ലക്ഷം രൂപ പിഴയും ഈടാക്കും.
അതേസമയം റമ്മി, പോക്കർ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതിന്‍റെ ഭാഗമായി കമ്മിഷൻ നൽകുന്ന ശിക്ഷകളിൽ കോടതിക്ക് പോലും ഇടപെടാൻ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. ഓൺലൈൻ ചൂതാട്ട ഗെയിമുകള്‍ വേഗത്തില്‍ ആസക്തിയുണ്ടാക്കാന്‍ കഴിവുള്ളതും പൊതുക്രമത്തില്‍ വിവിധ തരത്തിലുള്ള ഭീഷണികളും വര്‍ധിപ്പിക്കുന്നത് കണ്ടാണ് നടപടിയെന്നും ഉത്തരവിലുണ്ട്.